പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: നാളെ കെ.എസ്.യുവിന്റെ സംസ്ഥാന വിദ്യാഭ്യാസ ബന്ദ്; സമരം ചെയ്യുന്ന എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: നാളെ കെ.എസ്.യുവിന്റെ സംസ്ഥാന  വിദ്യാഭ്യാസ ബന്ദ്; സമരം ചെയ്യുന്ന എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്. യു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തി. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ഉണ്ടായി.

അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവര്‍ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാവാമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം കളക്ടറേറ്റിലേക്കാണ് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. ഇക്കഴിഞ്ഞ ദിവസം സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം കാണണം എന്ന ആവശ്യവുമായി എസ്എഫ്‌ഐ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. മന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രഖ്യാപനം.

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ച് പറയുന്നതിനിടെ സമരം ശക്തമാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. സീറ്റ് പ്രതിസന്ധിയില്‍ ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നടന്നു. മലപ്പുറത്ത് മേഖലാ ഹയര്‍സെക്കന്‍ഡറി ഉപഡയറക്ടറുടെ ഓഫീസ് എംഎസ്എഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയയ്തുനീക്കുകയായിരുന്നു. അതിനിടെ മലപ്പുറം ടൗണില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.