വത്തിക്കാൻ സിറ്റി: അനിശ്ചിതത്വങ്ങളും ആകുലതകളും ഉണ്ടാകുമ്പോൾ ഭയപ്പെടരുതെന്നും കൊടുങ്കാറ്റിനെ ശാന്തമാക്കിയ ക്രിസ്തുവിനോട് ഒട്ടി നിൽക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലും ദുരിതങ്ങളിലും കർത്താവിൽ ആശ്രയിച്ച്, അവിടുത്തെ കരങ്ങളിലേക്ക് നമ്മെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കണമെന്ന് പാപ്പാ പറഞ്ഞു.
ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ചുള്ള പ്രതിവാര പ്രസംഗത്തിലാണ് ആശ്വാസപ്രദമായ ഈ സന്ദേശം പാപ്പാ പങ്കുവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ ആയിരക്കണക്കിന് തീർത്ഥാടകരോട് മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ആ ദിവസത്തെ വായനയെ (മർക്കോസ് 4:35-41) ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് സംസാരിച്ചത്.
യേശുവും ശിഷ്യന്മാരും വഞ്ചിയിൽ കയറി തിബേരിയാസ് കടലിലൂടെ യാത്ര ചെയ്തപ്പോൾ ശക്തമായ കൊടുങ്കാറ്റുണ്ടായ സംഭവമാണ് അവിടെ വിവരിച്ചിരിക്കുന്നത്. പെട്ടെന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വഞ്ചി മുങ്ങിപ്പോകുമെന്ന് ശിഷ്യന്മാർക്കു തോന്നി. യേശു അപ്പോൾ ഉറങ്ങുകയായിരുന്നു. അവർ ഭയവിഹ്വലരായി നിലവിളിച്ചു. ഒടുവിൽ, കർത്താവ് സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമാക്കി. എപ്പോഴും തന്നിൽ ആശ്രയിക്കണം എന്ന പാഠം അതിലൂടെ അവിടുന്ന് അവരെ പഠിപ്പിച്ചു.
പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ കർത്താവിൽ ആശ്രയിക്കുക
യേശുവിന്റെ ശക്തിയും തങ്ങളുടെയിടയിലുള്ള അവിടുത്തെ സാന്നിധ്യവും ശിഷ്യന്മാർ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ആ സംഭവം അവരെ ഭയപ്പെടുത്തിയെങ്കിലും ആത്യന്തികമായി അതിലൂടെ അവർ കൂടുതൽ ബലമുള്ളവരായി മാറുകയായിരുന്നു. പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിടാനും സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കാനും ഇത് അവരെ ശക്തരാക്കി. അവർ വിശ്വാസത്തിൽ കൂടുതൽ അടിയുറച്ചവരും ധൈര്യശാലികളുമായി മാറി - പാപ്പാ അഭിപ്രായപ്പെട്ടു.
യേശുവിനോടൊപ്പമാണ് അവർ ഈ പരീക്ഷ നേരിട്ടത്. ഇത് മറ്റനേകം പരീക്ഷകളെയും കുരിശുകളെയും നേരിടാൻ അവരെ പ്രാപ്തരാക്കി. എല്ലാ ജനങ്ങളിലേക്കും സുവിശേഷം എത്തിക്കാനും ഒടുവിൽ രക്തസാക്ഷിത്വം വരിക്കാനും അവർ തയ്യാറായി.
യേശുവിനോട് ഒട്ടിനിൽക്കുക
യേശു നമ്മോടും ഇതുപോലെതന്നെയാണ് പ്രവർത്തിക്കുന്നത്. പരിശുദ്ധ കുർബാനയിൽ അവിടുന്ന് നമ്മെ ഒരുമിച്ചുകൂട്ടി തന്റെ വചനം നൽകുകയും ശരീരരക്തങ്ങളാൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ, യാത്ര പുറപ്പെടുന്നതിനായി അവിടുന്ന് നമ്മെ സജ്ജരാക്കുന്നു. നാം കേട്ടവയും സ്വീകരിച്ചവയും എല്ലാവരുമായി പങ്കുവച്ചുകൊണ്ടാകണം നമ്മുടെ അനുദിന ജീവിതയാത്ര - പാപ്പാ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോഴും കർത്താവ് നമ്മെ കൈവിടുന്നില്ല മറിച്ച്, അവയെ അഭിമുഖീകരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കുന്നു. നമ്മുടെ കഴിവുകൾക്കപ്പുറമുള്ള അവിടുത്തെ ശക്തിയിൽ ആശ്രയിക്കാനും അവിടുത്തോട് ഒട്ടിനിൽക്കാനും ഇതിലൂടെ നാം പഠിക്കുന്നു.
യേശുവിൽ പൂർണമായി ആശ്രയിക്കുമ്പോൾ അലസതയും അനിശ്ചിതത്വങ്ങളും തരണം ചെയ്യാൻ നാം ശക്തരാകും. അവിടുന്ന് നമ്മുടെ പക്ഷത്തുള്ളപ്പോൾ എല്ലാ തടസ്സങ്ങളും മറികടക്കാനും എല്ലാവരുമായി ചേർന്ന് സ്വർഗ്ഗരാജ്യത്തിന്റെ അനുഭവം വളർത്തിയെടുക്കാനും നമുക്ക് സാധിക്കും.
ഇക്കാര്യങ്ങളെല്ലാം അടിസ്ഥാനമാക്കി, ഓരോരുത്തരും സ്വയം ചോദിക്കാനായി ഏതാനും ചോദ്യങ്ങളും മാർപാപ്പ മുന്നോട്ടുവച്ചു. പരീക്ഷിക്കപ്പെടുന്നതായി തോന്നുമ്പോൾ, കർത്താവിന്റെ സാന്നിധ്യവും സഹായവും അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നുണ്ടോ? കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്ന വേളകളിൽ ഞാൻ തളർന്നു പോകാറുണ്ടോ? അതോ, പ്രാർത്ഥന, വചനശ്രവണം, ആരാധന, വിശ്വാസത്തിൻ്റെ പങ്കുവയ്ക്കൽ എന്നിവയിലൂടെ കർത്താവിനോട് ചേർന്നുനിൽക്കുമോ?
വിനയത്തോടും ധൈര്യത്തോടും കൂടി ദൈവഹിതം സ്വീകരിച്ച പരിശുദ്ധ കന്യകാമറിയം, പ്രതിസന്ധിഘട്ടങ്ങളിൽ കർത്താവിന് പൂർണമായി വിട്ടുകൊടുക്കാനുള്ള ശാന്തത നൽകി നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചത്.
മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.