'ഇനി ബിജെപിക്ക് പിന്തുണയില്ല; പ്രതിപക്ഷത്ത് ശക്തമാകും': നിലപാട് വ്യക്തമാക്കി നവീന്‍ പട്നായിക്ക്

'ഇനി ബിജെപിക്ക് പിന്തുണയില്ല; പ്രതിപക്ഷത്ത് ശക്തമാകും': നിലപാട് വ്യക്തമാക്കി നവീന്‍ പട്നായിക്ക്

ഭുവനേശ്വര്‍: ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ പാര്‍ട്ടി എംപിമാരോട് ബിജെഡി നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. നിര്‍ദേശിച്ചു.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ബിജെഡിയുടെയും പിന്തുണയിലാണ് രാജ്യസഭയില്‍ പല ബില്ലുകളും ബിജെപി പാസാക്കിയെടുത്തത്.

എന്നാല്‍ ഇനി ബിജെപിക്ക് യാതൊരു വിധ പിന്തുണയും നല്‍കേണ്ടെന്നാണ് ബിജെഡിയുടെ തീരുമാനം. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പാര്‍ട്ടിയുടെ ഒമ്പത് രാജ്യസഭാ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നവീന്‍ പട്‌നായിക്കിന്റെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ഉചിതമായ രീതിയില്‍ സഭയില്‍ ഉന്നയിക്കണമെന്നും അദേഹം എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ലോക്‌സഭയില്‍ ഇത്തവണ ബിജെഡിക്ക് അംഗങ്ങളില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റുകളില്‍ ബിജെപി 20 സീറ്റുകളും സ്വന്തമാക്കിയപ്പോള്‍ ഒരു സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. എന്നാല്‍ ഇനി ബിജെപിക്ക് യാതൊരു വിധ പിന്തുണയും നല്‍കേണ്ടെന്നാണ് ബിജെഡിയുടെ തീരുമാനം.

സംസ്ഥാനം പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനാല്‍ ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ബിജെഡി ശക്തമായി ഏറ്റെടുക്കുമെന്ന് നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി. അതേസമയം കേന്ദ്രത്തില്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലെന്ന കാര്യവും അദേഹം ഓര്‍മപ്പെടുത്തി.

'ഒഡീഷ നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിനേക്കാള്‍ നാല് സീറ്റുകള്‍ കൂടുതല്‍ ലഭിച്ചെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കേന്ദ്രത്തിലും അവര്‍ക്ക് സ്വന്തമായി ഭൂരിപക്ഷമില്ല. അതിനാല്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം, ഐക്യത്തോടെ നില്‍ക്കണം, പാര്‍ട്ടിയെ ശക്തിപ്പെടുത്തണം'- മുതിര്‍ന്ന ബിജെഡി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പട്‌നായിക്ക് വ്യക്തമാക്കി.

24 വര്‍ഷത്തെ ബി.ജെ.ഡി ഭരണത്തിനാണ് 2024 ലെ തിരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി അധികാരത്തിലെത്തിയത്. 147 അംഗ നിയമസഭയില്‍ 78 സീറ്റ് നേടിയാണ് ബിജെപി ഒഡിഷയില്‍ ഭരണം പിടിച്ചത്. ബിജെഡി 51 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 14 സീറ്റുകള്‍ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.