ഓസ്‌ട്രേലിയയില്‍ വൂള്‍വര്‍ത്ത്സ്, കോള്‍സ് ഉള്‍പ്പെടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; നിര്‍ബന്ധിത പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നു

ഓസ്‌ട്രേലിയയില്‍ വൂള്‍വര്‍ത്ത്സ്, കോള്‍സ് ഉള്‍പ്പെടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; നിര്‍ബന്ധിത പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നു

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കൊള്ളലാഭമുണ്ടാക്കുന്ന വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളെ നിലയ്ക്കു നിര്‍ത്താനും ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കര്‍ഷകരോടുള്ള സമീപനം മെച്ചപ്പെടുത്താനും പുതിയ വ്യാപാര പെരുമാറ്റച്ചട്ടം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് ഭീമമായ തുക പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പെരുമാറ്റച്ചട്ടമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.

വിലനിര്‍ണയത്തില്‍ ഉപഭോക്താക്കളും വിതരണക്കാരും ചൂഷണത്തിരയാകുന്നുവെന്ന പരാതികള്‍ ശക്തമായതോടെയാണ് സര്‍ക്കാരിന്റെ നീക്കം.

അഞ്ച് ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള വ്യാപാരികളാണ് പുതിയ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുന്നത്. നിലവില്‍ വൂള്‍വര്‍ത്ത്സ്, കോള്‍സ്, ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആല്‍ഡി, മെറ്റ്കാഷ് എന്നിവയൊക്കെ പെരുമാറ്റച്ചട്ടം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഏതെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിതരണക്കാരോട് മോശമായി പെരുമാറുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്ക് 10 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ, അല്ലെങ്കില്‍ വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ചുമത്തും.

സൂപ്പര്‍മാര്‍ക്കറ്റുകളും വിതരണക്കാരും പ്രത്യേകിച്ച് കര്‍ഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ പെരുമാറ്റച്ചട്ടം ഫലപ്രദമല്ലെന്ന മുന്‍ മന്ത്രി ക്രെയ്ഗ് എമേഴ്‌സന്റെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍. റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. വിതരണക്കാരോട് അന്യായമായി വിലപേശുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വന്‍കിട സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കര്‍ഷകര്‍ക്ക് ന്യായമായ പ്രതിഫലം വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ട്രഷറര്‍ ജിം ചാല്‍മര്‍സ് പറഞ്ഞു.

വിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് വൂള്‍വര്‍ത്ത്സ്, കോള്‍സ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള വന്‍കിട വ്യാപാരികളാണ്. വിതരണക്കാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികള്‍ ഇവര്‍ എല്ലായ്‌പ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ ചൂഷണത്തിനും അധികാര ധാര്‍ഷ്ട്യത്തോടെയുള്ള വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പെരുമാറ്റത്തിനും ഇരയായിട്ടുണ്ടെന്ന് ഓസ്ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ഫെഡറല്‍ കോടതിയും അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളില്‍ ദേശീയ കര്‍ഷക ഫെഡറേഷന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. മൊത്തവില കുറയ്ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ അധികാര ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ പലചരക്ക് വിതരണക്കാരെ ബോധവല്‍കരിക്കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.