സമവായമില്ല: സ്പീക്കര്‍ സ്ഥാനത്തേക്ക് ചരിത്രത്തില്‍ ആദ്യമായി മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ഥികള്‍

സമവായമില്ല: സ്പീക്കര്‍ സ്ഥാനത്തേക്ക് ചരിത്രത്തില്‍ ആദ്യമായി മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായി ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരം. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് മത്സരം ഉറപ്പായത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ എന്‍ഡിഎ വീണ്ടും നിര്‍ദേശിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള പതിനേഴാം ലോക്സഭയിലും സ്പീക്കറായിരുന്നു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് പ്രതിപക്ഷ സ്താനാര്‍ഥി. ലോക്സഭയില്‍ ഇതുവരെയുള്ള സ്പീക്കര്‍മാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ്. ആ ചരിത്രമാണ് ഇതോടെ വഴി മാറുന്നത്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയും നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി നടത്തിയ സമവായ ചര്‍ച്ചകകളും ഫലം കണ്ടിരുന്നില്ല.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഈ നീക്കം മുന്നില്‍ക്കണ്ട് ബിജെപി സമവായ ശ്രമങ്ങളും തുടങ്ങിയിരുന്നു.

മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ചെങ്കിലും ചര്‍ച്ചയില്‍ ഖാര്‍ഗെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടതായാണ് വിവരം.

എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്പീക്കര്‍ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി അദേഹം മത്സരിക്കുമെന്നായിരുന്നു ഇന്ത്യ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കണമെന്ന ആവശ്യം ബിജെപിയിലെ ഒരു വിഭാഗവും ഉയര്‍ത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.