യുഎസിൽ പർവത മേഖലയിൽ കാണാതായ യുവാവിനെ 10 ദിവസത്തിനു ശേഷം രക്ഷിച്ചു: അതിജീവിച്ചത് ഷൂസിൽ ശേഖരിച്ച വെള്ളം കുടിച്ച്

യുഎസിൽ പർവത മേഖലയിൽ കാണാതായ യുവാവിനെ 10 ദിവസത്തിനു ശേഷം രക്ഷിച്ചു: അതിജീവിച്ചത് ഷൂസിൽ ശേഖരിച്ച വെള്ളം കുടിച്ച്

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഹൈക്കിങ്ങിനിടെ പര്‍വത പ്രദേശത്ത് കാണാതായ യുവാവിനെ പത്ത് ദിവസത്തിനു ശേഷം കണ്ടെത്തി. കാലിഫോര്‍ണിയ സാന്താക്രൂസ് പര്‍വതനിരകളിലാണ് ജൂണ്‍ പതിനൊന്നിന് 34 കാരനായ ലൂക്കാസ് മക്ക്‌ലിഷിനെ കാണാതായത്.

വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വെള്ളം ബൂട്ടില്‍ ശേഖരിച്ച് കുടിച്ചാണ് ഈ ദിവസങ്ങളത്രയും ഇദ്ദേഹം ജീവന്‍ നിലനിര്‍ത്തിയത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്താക്രൂസ് പര്‍വതനിരകളില്‍ മൂന്ന് മണിക്കൂര്‍ ഹൈക്കിങ്ങിനായാണ് ലൂക്കാസ് പോയത്. എന്നാല്‍ സമീപകാലങ്ങളിലായി ഈ പ്രദേശങ്ങളില്‍ കാട്ടുതീ ബാധിച്ചതിനെ തുടര്‍ന്ന് ദിശാസൂചിക അടയാളങ്ങള്‍ ഭാഗികമായി നശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൂക്കാസ് പര്‍വതനിരകളില്‍ വഴിതെറ്റി അകപ്പെട്ടു പോയത്.

ഷര്‍ട്ട് ധരിക്കാതെയാണ് അദ്ദേഹം ഹൈക്കിങ്ങിനായി പോയത്. ഇത് ആശങ്ക വര്‍ധിപ്പിച്ചു. ജൂണ്‍ 16-ന് ഫാദേഴ്‌സ് ഡേയ്ക്ക് ലൂക്കാസ് എത്താതായപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം കുടുംബം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചത്.

'ആരോ സഹായത്തിനായി നിലവിളിക്കുന്നത് പ്രദേശവാസികള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായി എവിടെ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു' - അധികൃതര്‍ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ഏറ്റവും പഴക്കമുള്ള പാര്‍ക്കായ ബിഗ് ബേസിന്‍ റെഡ്വുഡ്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ മരങ്ങള്‍ക്കിടയിലാണ് മക്ക്‌ലിഷിനെ കണ്ടെത്തിയത്. സാന്താക്രൂസ് ഷെരീഫിന്റെ ഓഫീസില്‍ നിന്നുള്ള ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
മക്ക്‌ലിഷിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്ന് സാന്താക്രൂസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി. ഹൈക്കിങ്ങിന് പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രമായിരുന്നു ഈ ദിവസങ്ങളിലത്രയും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. 'ഞാന്‍ ഒരു ജോടി പാന്റും ഒരു ജോഡി ഹൈക്കിംഗ് ഷൂസും ഒരു തൊപ്പിയും മാത്രമേ കരുതിയിരുന്നുള്ളൂ,' - മക്ക്‌ലിഷ് പറഞ്ഞു.

ഓരോ ദിവസവും നടക്കുമ്പോള്‍ കണ്ടെത്തിയ അരുവികളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ധാരാളം വെള്ളം കുടിച്ചതും കാട്ടുപഴങ്ങള്‍ ഭക്ഷിച്ചതുമാണ് പാര്‍ക്കിലൂടെ ഓരോ ദിവസവും കാല്‍നടയാത്ര നടത്തുമ്പോള്‍ തന്റെ നിലനില്‍പ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബൂട്ടിലാണ് വെള്ളം ശേഖരിച്ചത്. യുവാവിനെ കണ്ടെത്തുമ്പോള്‍ ശരീരം മുഴുവന്‍ ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.