റിഷി സുനകുമായി അടുത്ത ബന്ധം; ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ എറിക് സുകുമാരന്‍

റിഷി സുനകുമായി അടുത്ത ബന്ധം; ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ എറിക് സുകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടാനൊരുങ്ങുകയാണ് തിരുവനന്തപുരം വര്‍ക്കല ശിവഗിരി സ്വദേശി എറിക് സുകുമാരന്‍. പ്രധാനമന്ത്രി റിഷി സുനക് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് എറിക് പാര്‍ലമെന്റ് അംഗമാകാന്‍ മത്സരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്കെത്തുന്ന ആദ്യ മലയാളി വംശജനായി ഈ 38 കാരന്‍ മാറും.

റിഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിനുള്ളത്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്. സൗത്ത് ഗേറ്റ് ആന്‍ഡ് വുഡ് ഗ്രീന്‍ മണ്ഡലത്തില്‍ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങല്‍ സ്വദേശി ജോണി - അനിത സുകുമാരന്‍ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കണ്‍സള്‍ട്ടന്റ് കൂടിയാണ് എറിക്. യുകെയിലാണ് എറിക് ജനിച്ചതും വളര്‍ന്നതും.

യുകെയില്‍ നിന്ന് ബിരുദവും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തശേഷം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് നേടി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റിന്യൂവബിള്‍ എനര്‍ജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലണ്ടന്‍ മേയറായിരുന്നപ്പോള്‍ 2012ല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിന്‍ഡ്‌സെയാണ് ഭാര്യ. അതേസമയം മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായും മലയാളിയാണ് ജനവിധി തേടുന്നത്. സോജന്‍ ജോസഫാണ് ലേബര്‍ ടിക്കറ്റില്‍ മത്സരിക്കുന്നത്. 650 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ അഞ്ചിന് പുലര്‍ച്ചെ മൂന്നിനാണ് ഫലപ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.