മദ്യനയക്കേസില്‍ കെജരിവാളിന് വീണ്ടും കുരുക്ക്; സിബിഐ ജയിലിലെത്തി അറസ്റ്റ് ചെയ്തു

മദ്യനയക്കേസില്‍ കെജരിവാളിന് വീണ്ടും കുരുക്ക്; സിബിഐ ജയിലിലെത്തി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്നലെ തീഹാര്‍ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കു.

സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിനിടയിലാണ് കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയായിരുന്നു അറസ്റ്റ്. വിചാരണക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കെജരിവാളിന്റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.

 അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആം ആദ്മി രംഗത്തെത്തി. സുപ്രീം കോടതിയില്‍ നിന്നും അദേഹത്തിന് ജാമ്യം ലഭിക്കാന്‍ സാധ്യത ഉണ്ടെന്നതിനാലാണ് ധൃതിപിടിച്ചുള്ള സിബിഐ അറസ്റ്റ് എന്ന് എഎപി രാജ്യസഭ എംപി സഞ്ജയ് സിങ് വിമര്‍ശിച്ചു. കെജരിവാളിന് ജാമ്യം ലഭിക്കാന്‍ 100 ശതമാനവും സാധ്യതയുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐയെ ഉപയോഗിച്ച് വ്യാജ കേസ് ഉണ്ടാക്കിയതെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. രാജ്യം മുഴുവന്‍ ഇത് കാണുന്നുണ്ടെന്നും അദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം മദ്യ അഴിമതി കേസില്‍ കെജരിവാളിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെജരിവാളിന് ജാമ്യം അനുവദിക്കുമ്പോള്‍ വിചാരണ കോടതി കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഇ.ഡി ഹാജരാക്കിയ തെളിവ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വിചാരണ കോടതി പറഞ്ഞത് നീതികരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് ഇ.ഡി കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. മെയ് 10 ന് അദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കി. ജൂണ്‍ രണ്ടിന് കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങി. ജൂണ്‍ 20 ന് വിചാരണ കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ ജൂണ്‍ 21 ന് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെ കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് പരിശോധിക്കുന്നതിനായി കേസ് ഇന്നത്തേക്ക് സുപ്രീം കോടതി മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.