'ബജറ്റില്‍ പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകും': പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

'ബജറ്റില്‍  പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകും': പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റില്‍ പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും. ബജറ്റില്‍ സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്ത്രീകളും സജീവമായി പങ്കെടുത്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിങ്ങാണ് ജമ്മു കാശ്മീരില്‍ കണ്ടിരുന്നത്.  ഇന്ത്യയുടെ ശത്രുക്കള്‍ അത് കാശ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രതിലോമ ശക്തികള്‍ക്ക് ജമ്മു കാശ്മീരിലെ ജനങ്ങള്‍ മറുപടി നല്‍കി.

കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ 3.8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും മുര്‍മു പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിരവധി പഴയ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇതിനായി നിരവധി കരാറുകള്‍ ഉണ്ടാക്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 55 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.