മനുഷ്യ സാഹോദര്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ: സാദിയാത്തിൽ ദേവാലയവും സിനഗോഗും മോസ്‌കും മുഖാഭിമുഖമായി വരുന്നു

മനുഷ്യ സാഹോദര്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ: സാദിയാത്തിൽ ദേവാലയവും സിനഗോഗും മോസ്‌കും മുഖാഭിമുഖമായി വരുന്നു

അബുദാബി: മനുഷ്യ സാഹോദര്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം ഫെബ്രുവരി നാലിന് ആഘോഷിച്ചു. അബുദാബിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആതിഥേയത്വം വഹിച്ച വെർച്വൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വ്യാഴാഴ്ച ആദ്യത്തെ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിന്റെ ആഘോഷ പരിപാടിയിൽ പങ്കാളിയായി. അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും യൂ എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുത്തിയറസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഫെബ്രുവരി നാല് പ്രധാനപ്പെട്ട ഒരു ദിനമായി കലണ്ടറിൽ സ്ഥാനം പിടിച്ചു. 2019 ൽ ഇതേ ദിവസം, യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള തന്റെ അപ്പോസ്തലിക യാത്രയ്ക്കിടെ, പാപ്പായുടെയും ഈജിപ്തിലെ വലിയ ഇമാം, ഷെയിക് അബ്ദുൾ അത് തയ്യീബിന്‍റെയും സാന്നിദ്ധ്യത്തിൽ ലോകത്തെ വിവിധ മതനേതാക്കൾ അബുദാബിയിൽ ചേർന്ന് ഒപ്പുവച്ച വിശ്വസഹോദര്യത്തിന്റെ പ്രഖ്യാപനത്തെ ആധാരമാക്കിയാണ് ഫെബ്രുവരി നാല് മാനവസാഹോദര്യദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. അന്നത്തെ മാനവ സാഹോദര്യ സന്ദേശം പിന്നീട് പാപ്പയുടെ"ഫ്രത്തെലി തുത്തി' എന്ന ചാക്രിക ലേഖനമായി രൂപപ്പെട്ടു.

അബുദാബിയിൽ നടന്ന ഈ സമ്മേളനത്തിൽ ഒരു ഉന്നത സമിതി രൂപീകരിക്കപ്പെട്ടു. മത സാംസ്കാരിക നേതാക്കളുടെയും പണ്ഡിതന്മാരുടെയും അന്താരാഷ്ട്ര തലത്തിലുള്ള സംഘടനകളിലെ അംഗങ്ങളാണ് ഈ സമിതിയിൽ ഉള്ളത് . സമാധാനത്തിലേക്ക് നയിക്കുന്ന പരസ്പര ധാരണയുടെ ഈ പ്രമാണത്തിലെ സന്ദേശം പങ്ക് വയ്ക്കാൻ പ്രതിജ്ഞാബദ്ധരായവരാണ് ഈ അംഗങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ സാദിയാത് ദ്വീപിൽ ഒരു സിനഗോഗും പള്ളിയും മോസ്‌കും മുഖാഭിമുഖമായി നിർമ്മിക്കാൻ ഈ സമിതി തീരുമാനമെടുത്തു.

2020 ഡിസംബർ 21 ന് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി നാല് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയിൽ ആ തീരുമാനം നടപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് അബുദാബി വിശ്വസാഹോദര്യ സമുന്നത കമ്മിറ്റിയിലെ അംഗമായ ജഡ്ജ്, മഹമൂദ് അബ്ദുൽ സലേം. “എല്ലാവരും സഹോദരങ്ങൾ” എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം പ്രകാശനംചെയ്ത ചടങ്ങിൽ ജഡ്ജ് സലേം സന്നിഹിതനായിരുന്നു.


“മനുഷ്യ സാഹോദര്യത്തിന്റെ സേവനത്തിനായ് ” എന്ന തലക്കെട്ടിൽ 2021 ജനുവരിയിൽ മാർപാപ്പ പങ്കുവച്ച വീഡിയോയിൽ, എല്ലാ മതങ്ങളും അതിന്റെ വിശ്വാസത്തിന്റെ അന്തസത്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി: ദൈവാരാധന, അയൽക്കാരനോടുള്ള സ്നേഹം. “എല്ലാവരുടെയും പിതാവിലേക്ക് സ്വയം തിരിയാനും മറ്റൊരാളിൽ ഒരു സഹോദരനെയും സഹോദരിയെയും കാണാനും ജീവിതം പങ്കിടാനും പരസ്പരം പിന്തുണയ്ക്കാനും സ്നേഹിക്കാനും അറിയാനും സാഹോദര്യം നമ്മെ ക്ഷണിക്കുന്നു." പാപ്പയുടെ ജനുവരി മാസത്തെ പ്രാർത്ഥനാ നിയോഗം തന്നെ ' മനുഷ്യ സഹൊദര്യത്തിന് വേണ്ടി പ്രാർത്ഥിക്കുക' എന്നതായിരുന്നു.

1964 ൽ പോൾ ആറാമൻ മാർപാപ്പ രൂപീകരിച്ച 'പോണ്ടിഫിക്കൽ കൗൺസിൽ ഫോർ ഇന്റർറിലീജിയസ് ഡയലോഗി'ന്റെ നേതൃത്വത്തിലാണ് ഈ ഉദ്ഘാടന ദിനത്തിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്തത്. 2022 മുതൽ, അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൽ കൂടുതൽ പ്രാദേശിക സഭകളെ സജീവമായി പങ്കെടുപ്പിക്കുമെന്നും അതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നും സമതി അറിയിച്ചു.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയുക

world day of fraternity  



നാലാം തീയതിയിലെ ഉദ്‌ഘാടന വേളയിൽ വിശ്വസാഹോദര്യത്തിനുള്ള പ്രഥമ സയേദ് പുരസ്ക്കാരം യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തിയറസിനും, 'യുവജനങ്ങൾ സമാധാനത്തിന് 'എന്ന ഇമാദ് അസോസിയേഷന്‍റെ സ്ഥാപക, ലത്തീഫ് ഇബ്നു സിയാറ്റനും സമ്മാനിച്ചു. വിശ്വസാഹോദര്യത്തിനായുള്ള പരമോന്നത കമ്മിറ്റിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

72കാരനായ ഗുത്തിയറസ് പോർച്ചുഗീസ്കാരനാണ് . ലോകസമാധാനത്തിനും മനുഷ്യരുടെ പൊതു നന്മയ്ക്കുമായി ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങൾക്കാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്.ഫ്രഞ്ച്-മൊറോക്കൻ വനിതയായ ലത്തീഫ ഇബ്നു സിയാറ്റെൻ 61കാരിയാണ് . തീവ്രവാദികളുടെ കൈയ്യാൽ കൊല്ലപ്പെട്ട തന്‍റെ മകൻ ഇമാഡ് ഇബ്നുവിന്‍റെ ഓർമ്മയ്ക്കായി 2012ൽ 'യുവജനങ്ങൾ സമാധാനത്തിനും മതസൗഹാർദ്ദത്തിനും'എന്ന സംഘടനയ്ക്കു തുടക്കമിട്ടു. ഈ സംഘടനയിൽകൂടി ചെയ്യുന്ന മനുഷ്യ നന്മകളെ അംഗീകരിച്ചുകൊ ണ്ടാണ് അഞ്ച് മക്കളുടെ അമ്മയായ ലതീഫക്ക്‌ ഈ അവാർഡ് നല്കാൻ സമതി തീരുമാനിച്ചത്.

എമിറേറ്റ് രാഷ്ട്രങ്ങളുടെ പിതാവും അബുദാബിയുടെ ഭരണകർത്താവുമായിരുന്ന സയേദ് രാജാവിന്‍റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം സ്ഥാപിതമായിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.