ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല. ഭയവും വിദ്വേഷവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദു മതം' - പ്രതിപക്ഷത്തിന്റെ കൈയ്യടികള്‍ക്കിടെ രാഹുല്‍ കത്തിക്കയറി.
ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ തന്നെ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നു. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദേഹം പറഞ്ഞു.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് മോഡി പറഞ്ഞപ്പോള്‍ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തി. ഇത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്‌പോരിന് ഇടയാക്കി.
താന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്ര മോഡിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ മറുപടി നല്‍കി.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ബിജെപിയുടെ ആശയങ്ങള്‍ പ്രതിരോധിച്ചു. ഭരണഘടനയ്‌ക്കെതിരായ അക്രമത്തെ ചെറുത്തു. ഇപ്പോഴും ഇത്തരം ആശയങ്ങളെ എതിര്‍ത്ത പലരും ജയിലിലാണ്, ചിലര്‍ പുറത്തിറങ്ങി. ജനങ്ങളും താനും ആക്രമിക്കപ്പെട്ടു.
സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരവും പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരവുമാണ് താന്‍ ആക്രമിക്കപ്പെട്ടത്. തന്റെ പാര്‍ലമെന്റ് അംഗത്വം പോലും റദ്ദാക്കപ്പെട്ടു. 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു, അത് താന്‍ നന്നായി ആസ്വദിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രസംഗത്തിനിടെ ശിവന്റെ ചിത്രം രാഹുല്‍ ഉയര്‍ത്തിക്കാട്ടി. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുല്‍ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്‍കുന്ന സന്ദേശം.
പ്രതിപക്ഷത്തിരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാള്‍ ശക്തിയുണ്ട് ഇതിന്. ശിവന്റെ അഭയ മുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. ദൈവവുമായി നേരിട്ട് ബന്ധമുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും പ്രസംഗത്തിനിടെ രാഹുല്‍ പരിഹസിച്ചു.
അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോള്‍ അംബാനിയും അദാനിയുമുണ്ട്. എന്നാല്‍ അയോധ്യ വാസികള്‍ ഉണ്ടായിരുന്നില്ല. ഉദ്ഘാടന ദിവസം അവിടുത്തെ സാധാരണക്കാരെയും കൃഷിക്കാരെയും അടുത്തേക്ക് പോലും പോകാനനുവദിച്ചില്ല.
മോഡി അയോധ്യയില്‍ മത്സരിക്കണോയെന്ന് രണ്ട് തവണ പരിശോധിച്ചു. സര്‍വേ നടത്തിയവര്‍ വേണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് വാരാണസിയില്‍ മത്സരിച്ച് രക്ഷപ്പെട്ടത്.
അഗ്‌നിവീര്‍ പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്ന യുവാവ് വീരമൃത്യ വരിച്ചു. എന്നാല്‍ വീരമൃത്യുവെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അഗ്‌നിവീര്‍ പദ്ധതി നിങ്ങള്‍ക്ക് മികച്ചതാകും. എന്നാല്‍ തങ്ങള്‍ അത് റദ്ദാക്കും. പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ ഒരു സംസ്ഥാനം പോലുമല്ല. അവിടെ കലാപവുമില്ല എന്നാണ് അദേഹം കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.