ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് ഓഫീസ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകള്‍ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. 'ഹിന്ദുവിരോധി രാഹുല്‍' എന്ന ഹാഷ് ടാഗ് എക്സില്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും നിയമസഭാ കോണ്‍ഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.
അതേസമയം തന്റെ പരാമര്‍ശങ്ങളിലുറച്ച് നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോഡിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ യഥാര്‍ത്ഥ ലോകത്ത് സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
അതിനിടെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ പ്രസംഗത്തെ പിന്തുണച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണ്.
അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണെന്നും അഖിലേഷ് പറഞ്ഞു. സര്‍ക്കാര്‍ പുതിയതാണെങ്കിലും പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.