സിഡ്നി: സിഡ്നി യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ 14-കാരന്‍ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ്. പിടിയിലായ കൗമാരക്കാരന്‍ പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും അറിവുള്ള വ്യക്തിയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് മന്ത്രി യാസ്മിന്‍ കാറ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെയാണ് സിഡ്നി സര്‍വകലാശാല ക്യാമ്പസില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന്‍ 22-കാരനായ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് കറിക്കത്തി കൊണ്ട് കുത്തിയത്. ഓണ്‍ലൈനിലൂടെ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ആശങ്കയുള്ളതായി പോലീസ് മേധാവി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൗമാരക്കാരന്‍ നേരത്തെ തന്നെ ചില കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവരം പൊലീസ് പങ്കുവയ്ക്കുന്നത്. തീവ്രവാദ വിരുദ്ധ പോലീസ് സേനയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
കുട്ടിയെ ആക്രമണത്തിനു പ്രേരിപ്പിച്ച പ്രത്യയശാസ്ത്രം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം മറ്റൊരു സംഭവത്തിന്റെ പേരില്‍ 14 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നതായി യാസ്മിന്‍ കാറ്റ്ലി പറഞ്ഞു. സിഡ്‌നിയിലെ തന്റെ സ്‌കൂളില്‍ കൂട്ട വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റം ഒഴിവാക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥി റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിയുടെ മാനസികാരോഗ്യം പരിശോധിക്കാന്‍ പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്.
കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ഇത്തരം തീവ്രവാദ ആശയങ്ങള്‍ ലഭ്യമാകുന്നതിനെതിരേ രക്ഷിതാക്കള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് യാസ്മിന്‍ മുന്നറിയിപ്പ് നല്‍കി. സമൂഹത്തിന് ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
'എനിക്ക് മാതാപിതാക്കളോടും അധ്യാപകരോടും അഭ്യര്‍ത്ഥിക്കാനുള്ളത് - കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാകുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മുന്നോട്ട് വന്ന് ഞങ്ങളെ അറിയിക്കുക. അല്ലാതെ ഞങ്ങള്‍ക്കതു തിരിച്ചറിയാന്‍ കഴിയില്ല'.
ആക്രമണത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് ലോക്ഡൗണ്‍ നോട്ടീസ് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, കാമ്പസില്‍ സുരക്ഷയും പോലീസ് സാന്നിധ്യവും വര്‍ദ്ധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.