ഹേമന്ദ് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായേക്കും; പച്ചക്കൊടി കാണിച്ച് ഇന്ത്യ മുന്നണി

ഹേമന്ദ് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായേക്കും; പച്ചക്കൊടി കാണിച്ച് ഇന്ത്യ മുന്നണി

റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായേക്കും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എന്നാല്‍ ഇപ്പോള്‍ ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് സോറന്‍.

ഇതുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ ഇന്ത്യ സഖ്യ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് യോഗത്തില്‍ തീരുമാനമായതായാണ് സൂചന. ജൂണ്‍ 28 നാണ് ഹേമന്ദ് സോറന് ജാമ്യം ലഭിച്ചത്. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ചില ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ഹേമന്ദ് സോറന്‍ രാജിവച്ചതോടെയാണ് ബന്ധുവായ ചമ്പൈ സോറന്‍ മുഖ്യമന്ത്രിയായത്.

യോഗ തീരുമാനം നടപ്പിലായാല്‍ ഇത് മൂന്നാം തവണയാകും ഹേമന്ദ് സോറന്‍ ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന ചമ്പൈ സോറന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വര്‍ക്കിങ് പ്രസിഡന്റാകും. ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ റാഞ്ചിയില്‍ മടങ്ങിയെത്തിയാല്‍ ഇന്ത്യ മുന്നണി നേതാക്കള്‍ അദേഹത്തെ നേരിട്ട് കാണും.

ചമ്പൈ സോറന്‍ വൈകാതെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചേക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം സോറന്‍ ഉന്നയിക്കും. ഇതിന് മുമ്പ് ജെഎംഎമ്മിന്റെയും ഇന്ത്യ മുന്നണിയുടെയും നിയമസഭാ കക്ഷി നേതാവായി ഹേമന്ദ് സോറനെ തിരഞ്ഞെടുക്കും.

ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജി വയ്ക്കുകയായിരുന്നു. കേസില്‍ ഇതുവരെ 14 പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.