ന്യൂഡൽഹി: ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ട് കൊണ്ടുവന്ന സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഓവര്‍ ദി ടോപ് പ്ലാറ്റ്‌ഫോമിലെ സിനിമ, വെബ് സീരിസ് തുടങ്ങിയവയുടെ ഉള്ളടക്കവും ന്യൂസ് വെബ്‌സൈറ്റുകളുമാണ് നിയന്ത്രിക്കാനൊരുങ്ങുന്നത്. നിലവില്‍ രാജ്യത്ത് 40ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളും നൂറുകണക്കിന് ന്യൂസ് സൈറ്റുകളുമുണ്ട്. നിലവില്‍ 20 കോടി ഉപഭോക്താക്കളുള്ള ഈ രംഗത്ത് 1000 കോടിയുടെ ബിസിനസ്സാണ് ഒരു വര്‍ഷം നടക്കുന്നത്.
ഒടിടിയില്‍ പലതും ബഹുരാഷ്ട്രകമ്പനികളുടേതാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികള്‍ ഈ രംഗത്ത് സജീവമാണ്. ഇവയെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയാണ് ഉത്തരവ്. ഓണ്‍ലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെ നിര്‍ബന്ധമാക്കും.
സിനിമകളും ഡോക്യുമെന്ററികളും സെൻസറിംഗ് ഇല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രിച്ചേക്കും. തത്വത്തിൽ ഓണ്‍ലൈൻ രംഗത്തിന് കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍ വരികയാണ്. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഓണ്‍ലൈൻ പോർട്ടലുകളെ നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെടണമെന്ന് മറ്റൊരു കേസിൽ കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾക്കുള്ള നടപടികൾ കേന്ദ്രം തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.