'പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധം': സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ്

'പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധം': സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി അനുരാഗ് ഠാക്കൂറും ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ്.

'വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍' എന്നാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ മോഡിയുടേയും അനുരാഗ് ഠാക്കൂറിന്റേയും പരാമര്‍ശങ്ങളെ മാണിക്കം ടാഗോര്‍ എം.പി വിശേഷിപ്പിച്ചത്.

സ്പീക്കര്‍ക്ക് അയച്ച കത്തില്‍, നിര്‍ദേശം 115 (1) ന്റെ വ്യവസ്ഥകള്‍ എന്തെന്ന് ചോദിച്ച കോണ്‍ഗ്രസ് ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നല്‍കുമെന്ന തെറ്റായ വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. വിജയിച്ചാല്‍ ഇന്ത്യ സഖ്യം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന വാഗ്ദാനമായിരുന്നു അതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഒറ്റയ്ക്ക് മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും കത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് വിഹിതം വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവന തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ കാലത്ത് രാജ്യത്ത് മിഗ് 29, ജാഗ്വാര്‍, മിറാഷ് 2,000, സുഖോയ് എസ്.യു 30 ജെറ്റുകള്‍ ഉണ്ടായിരുന്നു എന്നിരിക്കേ കോണ്‍ഗ്രസ് സൈന്യത്തിന് യുദ്ധ വിമാനങ്ങള്‍ നല്‍കിയിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാര്‍ട്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ഒന്നിന് നടത്തിയ പ്രസംഗത്തില്‍ അനുരാഗ് ഠാക്കൂര്‍ നടത്തിയ യുദ്ധ വിമാനങ്ങളെക്കുറിച്ചുള്ള സമാനമായ അവകാശവാദത്തെയും കത്തിലൂടെ കോണ്‍ഗ്രസ് എതിര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.