'പോയി ശിഷ്യരാക്കുക'; സിഡ്‌നി അതിരൂപതയുടെ പ്രേഷിത ദൗത്യം അനേകരിലേക്ക്

'പോയി ശിഷ്യരാക്കുക'; സിഡ്‌നി അതിരൂപതയുടെ പ്രേഷിത ദൗത്യം അനേകരിലേക്ക്

സിഡ്‌നി: സുവിശേഷവല്‍ക്കരണം പ്രഘോഷിക്കാനും ആത്മീയ നവീകരണത്തിനായും സിഡ്‌നി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപി വിഭാവനം ചെയ്ത 'ഗോ മേക്ക് ഡിസിപ്പിള്‍സ്' (പോയി ശിഷ്യരാക്കുക) എന്ന ദൗത്യത്തിന് വിശ്വാസികളില്‍ നിന്ന് വലിയ സ്വീകാര്യത. ഓസ്‌ട്രേലിയ കടന്ന് ഏഷ്യന്‍ മേഖലയിലുടനീളം ഈ ആശയത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 2020 ഡിസംബര്‍ 12-ന് ഗ്വാഡലൂപ്പിലെ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് പുതിയ മിഷന്‍ ആരംഭിച്ചത്.

ഇടവകകളെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെയും സുവിശേഷവല്‍ക്കരണത്തിന്റെയും വേദികളാക്കി, സമൂഹത്തിലേക്ക് സ്‌നേഹവും കാരുണ്യവും പകരുന്ന കേന്ദ്രങ്ങളായി നവീകരിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

'പോയി, ശിഷ്യരാക്കുക' എന്ന യേശുവിന്റെ കല്‍പ്പന വിശ്വസ്തതയോടെ ഏറ്റെടുത്ത് നമ്മുടെ സമൂഹങ്ങളെ രൂപാന്തരപ്പെടുത്താനുള്ള ആഹ്വാനമാണ് 'ഗോ മേക്ക് ഡിസിപ്പിള്‍സ്'. അതിലൂടെ നമ്മുടെ ഇടവകകള്‍ ദൈവത്തിന് ഫലം കായ്ക്കുന്ന ശിഷ്യരെ സൃഷ്ടിക്കുന്ന മഹത്തായ കേന്ദ്രങ്ങളായി മാറുന്നു - പദ്ധതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇങ്ങനെ.

സുവിശേഷവല്‍ക്കരണത്തിലെ ഈ പുതിയ ദൗത്യത്തെക്കുറിച്ച് മനസിലാക്കാന്‍ ഏഷ്യയിലെമ്പാടുമുള്ള 1300 ഓളം സഭാ നേതാക്കളും പ്രതിനിധികളും കഴിഞ്ഞ ആഴ്ച ക്വാലാലംപൂരില്‍ നടന്ന സമ്മേളനത്തില്‍ ഒത്തുകൂടിയിരുന്നു.

ആല്‍ഫ ഏഷ്യ പസഫിക് സംഘടിപ്പിച്ച പരിപാടിയില്‍ 'ഗോ മേക്ക് ഡിസിപ്പിള്‍സ്' എന്ന ആശയത്തെക്കുറിച്ച് സിഡ്നി സെന്റര്‍ ഫോര്‍ ഇവാഞ്ചലൈസേഷന്റെ (എസ്സിഇ) ഡയറക്ടര്‍ ഡാനിയല്‍ ആംഗ് സമ്മേളനത്തില്‍ പ്രസംഗിച്ചു.

'ഏഷ്യയില്‍ ക്രൈസ്തവരുടെ വളര്‍ച്ച ജനസംഖ്യാ വര്‍ധനയേക്കാള്‍ കൂടുതലാണെന്നത് അതിശയകരമാണ്. ഇന്ത്യ, ചൈന, മംഗോളിയ, തായ്ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്കരുടെയും മറ്റ് ക്രിസ്ത്യാനികളുടെയും നവീകരണവും വിശ്വാസവും വലിയ പ്രചോദനം നല്‍കുന്നു - ഡാനിയല്‍ പറഞ്ഞു.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഭൂഖണ്ഡങ്ങളിലൊന്നാണ് ഏഷ്യ. 415 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഏഷ്യയിലുള്ളത്. 2020 മുതല്‍ ഈ മേഖലയിലെ ക്രിസ്തുമതം 2.11 ശതമാനം എന്ന നിരക്കില്‍ വളര്‍ന്നതായി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ക്രിസ്ത്യാനിറ്റിയുടെ കണക്കുകള്‍ പറയുന്നു.

അതേസമയം തന്നെ ഏഷ്യയില്‍ സുവിശേഷം പ്രഘോഷിക്കാന്‍ നിരവധി വെല്ലുവിളികളും നേരിടുന്നു. ഭരണകൂട വേട്ടയാടല്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നു.

വെല്ലുവിളി നിറഞ്ഞ, മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ യേശുവിന്റെ ദൗത്യം നന്നായി നിര്‍വഹിക്കുന്നതിനും നമ്മുടെ ഇടവകകളുടെ ഘടനാപരമായ നവീകരണത്തിനുമുള്ള ക്ഷണമാണ് ഈ ദൗത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.