പ്രധാനമന്ത്രി പദം സ്റ്റാര്‍മറിന് മുള്‍ക്കിരീടമാകുമോ?... ഉക്രെയ്ന്‍, ഗാസ, യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും നിരവധി

പ്രധാനമന്ത്രി പദം സ്റ്റാര്‍മറിന് മുള്‍ക്കിരീടമാകുമോ?...  ഉക്രെയ്ന്‍, ഗാസ, യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും നിരവധി

ബ്രിട്ടണിലെ നിയുക്ത പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഭാര്യ വിക്ടോറിയയ്‌ക്കൊപ്പം വിജയം ആഘേഷിക്കുന്നു.

ലണ്ടന്‍: ബ്രിട്ടണിലെ പൊതു തിരഞ്ഞെടുപ്പില്‍ അധികാരമുറപ്പിച്ച് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് ലേബര്‍ പാര്‍ട്ടി. ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. ഭൂരിപക്ഷമായ 326 എന്ന മാന്ത്രിക സംഖ്യ കടന്ന് നിലവില്‍ 378 സീറ്റുകളാണ് ഇതുവരെ അവര്‍ നേടിയിരിക്കുന്നത്.

ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മറാണ് യു.കെയുടെ പുതിയ പ്രധാനമന്ത്രിയാകുക. വിജയം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാര്‍മര്‍ തന്റെ നയവും വ്യക്തമാക്കി. മാറ്റം ഇപ്പോള്‍ മുതല്‍ ആരംഭിക്കുന്നുവെന്നും ഇതുപോലൊരു ജനവിധി വലിയ ഉത്തരവാദിത്വമാണ് തന്നില്‍ ഏല്‍പ്പിക്കുന്നതെന്നും പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ ലണ്ടനില്‍ നടന്ന വിജയ റാലിയെ അഭിസംബോധന ചെയ്ത് അദേഹം പറഞ്ഞു.

'ഞങ്ങളുടെ ചുമതല ഈ രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്ന ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്നതാണ്. നമുക്ക് രാഷ്ട്രീയത്തെ പൊതു സേവനത്തിലേക്ക് തിരികെ കൊണ്ടു വരണം, രാഷ്ട്രീയം നന്മയുടെ ശക്തിയാകുമെന്ന് ബോധ്യപ്പെടുത്തണം.

ഒരു തെറ്റും ചെയ്യാതിരിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ രാഷ്ട്രീയത്തിനുള്ള ഏറ്റവും വലിയ പരീക്ഷണം. വിശ്വാസത്തിനായുള്ള പോരാട്ടമാണ് നമ്മുടെ പ്രായത്തെ നിര്‍വചിക്കുന്ന പോരാട്ടം'- സ്റ്റാര്‍മര്‍ വ്യക്തമാക്കി.

അതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റെക്കോര്‍ഡ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റിഷി സുനക് രംഗത്ത് വരികയും ചെയ്തു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സുനകിനെ നിലവിലെ സാഹചര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കുമെന്നാണ് സൂചന.

എന്നാല്‍ പ്രധാനമന്ത്രി പദം സ്റ്റാര്‍മറിന് മുള്‍ക്കിരീടം തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആഭ്യന്തരവും അന്താരാഷ്ട്രവുമായ വലിയ വെല്ലുവിളികളാണ് സ്റ്റാര്‍മറിനെ കാത്തിരിക്കുന്നത്. ഇപ്പോഴും തുടരുന്ന ഉക്രെയ്ന്‍ യുദ്ധവും ഗാസയിലെ ഇസ്രയേലിന്റെ ആക്രമണവും മുതല്‍ യു.കെയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം വരെ അതിലുണ്ട്.

യൂറോപ്യന്‍ യൂണിയനിലോ വ്യാപാര യൂണിയനിലോ വീണ്ടും ചേരുന്നതിനെ അനുകൂലിക്കാത്തയാളാണ് സ്റ്റാര്‍മര്‍. എന്നാല്‍ ചെറു കമ്പനികളെ സഹായിക്കാനായി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര തടസങ്ങള്‍ നീക്കുന്നത് ഇപ്പോഴും സാധ്യമാണെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. അതിര്‍ത്തികളില്‍ ഉല്‍പന്നങ്ങള്‍ പരിശോധിക്കുന്നത് കുറയ്ക്കുന്നതിനായുള്ള പുതിയ കരാറാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

റഷ്യയുമായി യുദ്ധം ചെയ്യുന്ന ഉക്രെയ്‌ന്് 380 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഈ വര്‍ഷം ബ്രിട്ടന്‍ നല്‍കുക. വരും വര്‍ഷങ്ങളിലും ഉക്രെയ്‌ന്് സഹായം നല്‍കുന്നത് തുടരുമെന്നാണ് കരുതപ്പെടുന്നത്. ഉക്രെയ്‌നുള്ള സൈനിക, സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ സ്ഥിരതയുള്ളതായി തുടരുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിലപാടുള്ളയാളാണ് നിയുക്ത പ്രധാനനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സമാധാന പ്രക്രിയയില്‍ ശരിയായ സമയത്ത് പാലസ്തീനെ അംഗീകരിക്കേണ്ടതായി വരും എന്ന് അദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. സുരക്ഷിതമായ ഇസ്രയേല്‍, പരമാധികാരമുള്ള പാലസ്തീന്‍ എന്നതാണ് ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറയുന്നത്.


ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യാനായി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും തന്ത്രപരമായതുമായ സമീപനം കൊണ്ടുമെന്നാണ് ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളത്. ഈ വര്‍ഷം ആദ്യം ബ്രിട്ടന്‍ ചൈനീസ് അംബാസഡറെ വിളിച്ചു വരുത്തിയിരുന്നു. സൈബര്‍ ആക്രമണം, ചാരപ്രവൃത്തി എന്നിവ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍ ചൈനീസ് അംബാസഡറോട് പറഞ്ഞത്.

ആഭ്യന്തര പ്രശ്‌നങ്ങളും സ്റ്റാര്‍മറിന് തലവേദന സൃഷ്ടിക്കും. കഴിഞ്ഞ 18 മാസമായി യു.കെയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരമായ സമരങ്ങളിലാണ്. 35 ശതമാനം വേതന വര്‍ധനവാണ് ഡോക്ടര്‍മാരുടെ ആവശ്യം. 10 ശതമാനം വര്‍ധനവാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ സമരം വലിയ തോതില്‍ ബാധിച്ചു.

അടിയന്തരമല്ലാത്ത ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി 80 ലക്ഷത്തിലെത്തി എന്നാണ് കണക്ക്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ചര്‍ച്ച നടത്തി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആരോഗ്യ വിഭാഗം വക്താവ് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്.

സ്വകാര്യ വെള്ളക്കമ്പനികളുണ്ടാക്കുന്ന ജല മലിനീകരണവും ബ്രിട്ടനിലെ വലിയൊരു പ്രശ്നമാണ്. കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജൂലൈ 11 നാണ് അന്തിമ തീരുമാനം പുറത്തു വരിക. പുതിയ സര്‍ക്കാരിന് വലിയ തലവേദനയായിരിക്കും ഇത്. മലിനീകരണം തടയാനായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് പണം ആവശ്യമാണെന്നാണ് വെള്ളക്കമ്പനികള്‍ പറയുന്നത്.

500 വര്‍ഷം പഴക്കമുള്ള ബ്രിട്ടനിലെ തപാല്‍ സംവിധാനമായ റോയല്‍ മെയിലിനെ 357 കോടി കോടി ബ്രിട്ടീഷ് പൗണ്ടിന് ചെക്ക് ശത കോടീശ്വരനായ ഡാനിയേല്‍ ക്രെറ്റിന്‍സ്‌കിയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞ മെയില്‍ ധാരണയായിരുന്നു. എന്നാല്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ആക്റ്റ് പ്രകാരം സര്‍ക്കാരിന് ഇതില്‍ സൂക്ഷ്മ പരിശോധന നടത്താനും വില്‍പ്പന തടയാനും കഴിയും. വിഷയത്തില്‍ ഇടപെടുമെന്നാണ് ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്.

ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരാണ് ടാറ്റ സ്റ്റീല്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് നിര്‍മ്മിക്കുന്നതിനായി മുന്‍ സര്‍ക്കാരും ടാറ്റ സ്റ്റീലുമായുള്ള ധാരണയുടെ ഭാഗമായി 63.5 കോടി ഡോളറിന്റെ സഹായം നല്‍കാമെന്ന കരാറില്‍ പുതിയ സര്‍ക്കാര്‍ ഒപ്പുവെക്കേണ്ടതായുണ്ട്.

കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുള്ള ഒരു ബ്ലാസ്റ്റ് ഫര്‍ണസ് അടച്ചു പൂട്ടാനുള്ള നടപടികള്‍ ടാറ്റ സ്റ്റീല്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റൊരു ഫര്‍ണസ് സെപ്റ്റംബറില്‍ അടച്ചു പൂട്ടും. ഇതിന്റെ ഭാഗമായി 2,800 പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക എന്നാണ് കണക്ക്.

പുതിയ സര്‍ക്കാര്‍ ടാറ്റയുമായി മെച്ചപ്പെട്ട കരാറുണ്ടാക്കുമെന്നും അതുവഴി തൊഴില്‍ നഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നുമാണ് എന്നാണ് തൊഴിലാളി സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിരവധി പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രിക്കസേരയിലെത്തുമ്പോള്‍ സ്റ്റാര്‍മറെ കാത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.