ബിഷപ്പ് ഡോ. ജോര്‍ജ് മാമലശേരി കാലം ചെയ്തു; വിട വാങ്ങിയത് മേഘാലയയുടെ 'എഞ്ചിനീയര്‍ ബിഷപ്പ്'

ബിഷപ്പ് ഡോ. ജോര്‍ജ് മാമലശേരി കാലം ചെയ്തു; വിട വാങ്ങിയത് മേഘാലയയുടെ 'എഞ്ചിനീയര്‍ ബിഷപ്പ്'

ടുറ(മേഘാലയ): 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ഡോ. ജോര്‍ജ് മാമലശേരി കാലം ചെയ്തു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരിന്നു അന്ത്യം. സംസ്‌കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.45 ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും.

വിവിധ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അദേഹത്തിന് ഉണ്ടായിരുന്ന നേതൃ പാടവവും നിര്‍മ്മാണ സംരംഭങ്ങളിലെ വൈദഗ്ധ്യവുമാണ് 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണത്തിന് ബിഷപ്പ് ജോര്‍ജ് മാമലശേരിയെ അര്‍ഹനാക്കിയത്. ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-2007 കാലയളവില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച അദേഹം കോട്ടയം കളത്തൂര്‍ സ്വദേശിയാണ്.

1932 ഏപ്രില്‍ 23 ന് കോട്ടയം കളത്തൂരിലാണ് ജനനം. മാമലശേരി കുര്യന്റെയും എലിസബത്ത് മാമലശേരിയുടെയും മൂന്ന് മക്കളില്‍ ഇളയ ആളായിരുന്നു ജോര്‍ജ്. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്-മൈലാപ്പൂര്‍ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു.


1960 ഏപ്രില്‍ 24 ന് തിരുപ്പട്ടം സ്വീകരിച്ചു. മലേറിയയും വന്യജീവികളുടെ ആക്രമണവും മൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരുന്ന ഷില്ലോങ്-ഗുവാഹത്തി അതിരൂപതയിലെ ഗാരോ ഹില്‍സിലേക്കാണ് സഭ അദേഹത്തെ ആദ്യം അയച്ചത്.

ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്മാരയിലും അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം 1970 ല്‍ ഡാലുവിലെ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് അദേഹം തന്റെ ഇടവകയില്‍ കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് താമസവും ഭക്ഷണവും പിന്തുണയും നല്‍കി. 1979 ഫെബ്രുവരി എട്ടിന് 46-ാം വയസില്‍, ടുറയിലെ ആദ്യത്തെ ബിഷപ്പായി ഫാ. ജോര്‍ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാര്‍ച്ച് 18 നായിരുന്നു സ്ഥാനാരോഹണം.

ബിഷപ്പ് എന്ന നിലയില്‍ നിലവിലുള്ള 14 കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും 23 പുതിയ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മോശം നിലവാരം തിരിച്ചറിഞ്ഞ അദേഹം വിദൂര പ്രദേശങ്ങളില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കുവാന്‍ കഠിന പ്രയത്‌നം നടത്തി.

ടുറയിലും വില്യം നഗറിലും കോളജുകള്‍ സ്ഥാപിക്കാന്‍ ബിഷപ്പ് മാമലശേരി സലേഷ്യന്‍ ജെസ്യൂട്ട് മിഷണറിമാരെ ക്ഷണിച്ചു. ഗാരോ ഹില്‍സിലെ അഞ്ച് ജില്ലകളിലായി 34 ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ച അദ്ദേഹം 1993 ല്‍ ടുറയില്‍ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു.


റിനോ സിമോനെറ്റി സ്‌കൂള്‍ ഓഫ് നഴ്സിംഗ് സ്ഥാപിച്ച് ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തിനും അദേഹം മുന്‍ഗണന നല്‍കി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി മോണ്ട്ഫോര്‍ട്ട് കേന്ദ്രം സൃഷ്ടിക്കാന്‍ അദേഹം മോണ്ട്ഫോര്‍ട്ട് സന്യാസ സമൂഹത്തെ ക്ഷണിച്ചു. ഇതിനിടെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ സമൂഹത്തില്‍ കൊണ്ടുവരുവാന്‍ ബിഷപ്പ് ജോര്‍ജ് മാമലശേരി ഇടപെടലുകള്‍ നടത്തി.

2007 ല്‍ വിരമിച്ച ശേഷവും അദേഹം വൈദിക ഭവനത്തില്‍ നിന്ന് രൂപതയ്ക്ക് വേണ്ടിയുള്ള സേവനം തുടര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക് മേഘാലയ സര്‍ക്കാര്‍ അദ്ദേഹത്തെ 'പാ ടോഗന്‍ സാങ്മ' അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അദേഹത്തെ 2019 ല്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയാണ് ആദരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.