ലണ്ടന്‍: യു.കെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിനെ കണ്ടു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിച്ചാണ് അദേഹം ഭാര്യ വിക്ടോറിയയ്ക്കൊപ്പം കൊട്ടാരത്തിലെത്തിയത്.
സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്.
കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിന് രാജിക്കത്ത് കൈമാറി. തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തു നിന്നും സുനക് ഒഴിഞ്ഞു.
'നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസിലാക്കി ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെ പോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു'- സുനക് പറഞ്ഞു.
412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി നരേന്ദ്ര മോി അഭിനന്ദിച്ചു. ഇന്ത്യ-യു.കെ ബന്ധം ശക്തമാക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ റിഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോഡി എക്‌സില്‍ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയില്‍ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നല്‍കിയ സംഭാവനയ്ക്കും നന്ദിയെന്ന് മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.