റോം: ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ നിരന്തരം രൂക്ഷ വിമർശനം നടത്തി സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം നടത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോക്കെതിരെ നടപടി. സഭ പിളർക്കാനുള്ള ശ്രമം, മാർപാപ്പായുടെ അധികാരത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം, മാർപാപ്പയ്‌ക്കോ സഭയുടെ കൂട്ടായ്മയ്‌ക്കോ വിധേയപ്പെടാനുള്ള വിമുഖത എന്നി കുറ്റങ്ങൾ വിഗാനോ ചെയ്തതായി കണ്ടെത്തിയെന്ന് കത്തോലിക്കാ സഭയുടെ മതപരമായ അച്ചടക്കത്തിൻ്റെ ചുമതലയുള്ള റോമൻ ക്യൂറിയയുടെ ഡോക്ട്രിൻ ഓഫീസ് അറിയിച്ചു.
കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ കൂട്ടായ്മയിലേക്കെത്തുന്നതിനും കൂദാശകളുടെ സ്വീകരണത്തിനും വിഗാനോക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞയാഴ്ച ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് മുമ്പാകെ ഹാജരാകാനുള്ള വത്തിക്കാൻ സമൻസ് വിഗാനോ ലംഘിച്ചതിനെ തുടർന്നാണ് വിധി. നിയമ ലംഘനങ്ങൾമൂലമാണ് കാർലോ മരിയ വിഗാനോയെ ദേവാലയങ്ങളിൽ നിന്ന് പുറത്താക്കുന്നതെന്ന് വത്തിക്കാൻ വിശദമാക്കി.
2011 മുതൽ 2016 വരെ അമേരിക്കയിൽ മാർപാപ്പയുടെ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വിഗാനോ സഭയിലെ മുതിർന്ന വ്യക്തിയായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം എന്ന രീതിയിലായിരുന്നു കാർലോ മരിയ വിഗാനോയുടെ പ്രചരണം. കാർലോ മരിയ വിഗാനോ പുറത്താക്കാനുള്ള കാരണം അദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് തന്നെ വ്യക്തമാണെന്ന് വത്തിക്കാൻ വക്താവ് പറഞ്ഞു. ഭിന്നിപ്പിൻ്റെ ഔപചാരികമായ ആരോപണങ്ങൾക്ക് ഉത്തരം നൽകാൻ തന്നെ റോമിലേക്ക് വിളിപ്പിച്ചതായി വിഗാനോ ജൂൺ 20 ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.