ദോഹ: ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. ഘട്ടം ഘട്ടമായ വെടിനിര്‍ത്തലിന് അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ക്കാണ് ഹമാസ് പ്രാഥമിക അംഗീകാരം നല്‍കിയത്.
കരാര്‍ ഒപ്പിടും മുന്‍പേ സ്ഥിരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കണമെന്ന ഇതുവരെ ഉന്നയിച്ച ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം ആറ് ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ ചര്‍ച്ചകളിലൂടെ സ്ഥിരം വെടിനിര്‍ത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാന ശ്രമം ആരംഭിക്കുക. ദോഹയില്‍ നടന്ന പ്രാരംഭ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഇരുപക്ഷവും ധാരണയായിട്ടുണ്ട്.
സ്ഥിരം യുദ്ധ വിരാമമില്ലാതെയുള്ള ഏതുതരം വെടിനിര്‍ത്തല്‍ കരാറിനുമില്ലെന്ന നിലപാട് ഹമാസ് ഉപേക്ഷിച്ചതായി സംഘടന പ്രതിനിധികളും ഈജിപ്ത് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ വെടിനിര്‍ത്തലിനായി യു.എസ് കാര്‍മികത്വത്തില്‍ അടുത്തിടെ നീക്കങ്ങള്‍ വീണ്ടും സജീവമായിരുന്നു.
ഇതിനു പിന്നാലെയാണ് ഹമാസ് കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നത്. ഗാസയില്‍ വെടി നിര്‍ത്തിയാല്‍ ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ലബനാന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും വ്യക്തമാക്കിയിട്ടുണ്ട്.
ആറാഴ്ചത്തെ വെടിനിര്‍ത്തലും ബന്ദികളുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും പരിക്കേറ്റവരുമാണ് വിട്ടയക്കപ്പെടുന്ന ഇസ്രയേലി ബന്ദികളില്‍ ആദ്യം ഉള്‍പ്പെടുക. പകരം പാലസ്തീന്‍ തടവുകാരെ ഇസ്രയേലും കൈമാറും. ഈ ഘട്ടത്തില്‍ ഗസയിലെ പട്ടണങ്ങളില്‍ നിന്ന് ഇസ്രായേല്‍ സേന പിന്മാറും.
മാത്രമല്ല, യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തവരെ വടക്കന്‍ ഗായിലേക്ക് തിരിച്ചു വരാനും അനുവദിക്കും. സൈനികരും സാധാരണക്കാരുമായ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കലാണ് രണ്ടാം ഘട്ടത്തിലെ പ്രധാന നിബന്ധന. പകരം കൂടുതല്‍ പാലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കും.
മൂന്നാം ഘട്ടത്തില്‍ ബന്ദികളുടെ മൃതദേഹങ്ങളും സൈനികരടക്കം അവശേഷിക്കുന്ന ബന്ദികളെയും തിരികെ കൊണ്ടുവരുകയും വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഗാസ പുനര്‍നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും.
എന്നാല്‍ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പൂര്‍ണ സമ്മതമില്ല എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.