ട്രംപിനെതിരെ ബൈഡനേക്കാള്‍ വിജയ സാധ്യത കമല ഹാരിസിനെന്ന് സര്‍വേകള്‍: സ്ഥാനാര്‍ഥി മാറ്റ ചര്‍ച്ചകള്‍ സജീവം; മാറില്ലെന്ന് ബൈഡന്‍

ട്രംപിനെതിരെ ബൈഡനേക്കാള്‍ വിജയ സാധ്യത കമല ഹാരിസിനെന്ന് സര്‍വേകള്‍: സ്ഥാനാര്‍ഥി മാറ്റ ചര്‍ച്ചകള്‍ സജീവം; മാറില്ലെന്ന് ബൈഡന്‍

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് മിഷേല്‍ ഒബാമ.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡനെക്കാള്‍ വിജയ സാധ്യത കമല ഹാരിസിനെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇതോടെ മത്സര രംഗത്തുനിന്ന് ജോ ബൈഡന്‍ പിന്‍മാറാണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായി.

കമലയെ മത്സര രംഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ സ്ഥാനാര്‍ഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തില്‍ തന്നെയാണ് ജോ ബൈഡന്‍. ജൂലൈ രണ്ടിന് പുറത്തു വന്ന സിഎന്‍എന്‍ സര്‍വേ പ്രകാരം 49 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെയും 43 ശതമാനം പേര്‍ ബൈഡനെയും അനുകൂലിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസ്ഥാനത്ത് കമല ഹാരിസാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെങ്കില്‍ ട്രംപിനനുകൂലമായ വോട്ടുകള്‍ 47 ശതമാനമയി കുറയുമെന്നും 45 ശതമാനം വോട്ടര്‍മാര്‍ കമലയെ പിന്തുണയ്ക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. സ്വതന്ത്രരുടെയും മിതവാദികളുടെയും പിന്തുണ ട്രംപിനേക്കാള്‍ കമല ഹാരിസിനായിരിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും ബൈഡനും തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിലെ ബൈഡന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേ നടന്നിരുന്നു. ഇതുപ്രകാരം ട്രംപും കമല ഹാരിസും ഏറെക്കുറെ സമ നിലയിലാണെന്നാണ് സൂചന. 43 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 42 ശതമാനം വോട്ടര്‍മാര്‍ കമല ഹാരിസിനെ പിന്തുണച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡനേക്കാള്‍ വിജയ സാധ്യത കമല ഹാരിസാണെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും അഭിപ്രായപ്പെട്ടതായി ചില അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ സ്ഥാനാര്‍ഥിയാക്കണമെന്നുള്ള ആവശ്യങ്ങളും ശക്തമായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മിഷേല്‍.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.