ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനപരീക്ഷയിലേക്ക് നീങ്ങണം.
ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളും ഉത്തരങ്ങളും ടെലഗ്രാമില്‍ വന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ചോര്‍ന്നതെങ്കില്‍ വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയില്ലേന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇലക്ട്രോണിക് ഡിവൈസിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ ആണ് ചോര്‍ന്നതെങ്കില്‍ അത് കാട്ടുതീ പോലെ പടരില്ലേ? ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കില്‍ പുനപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കും. അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്ന് കോടതി പറഞ്ഞു. ഒരു പരീക്ഷയില്‍ ഒന്നോ രണ്ടോ പേര്‍ മുഴുവന്‍ മാര്‍ക്ക് നേടാം. എന്നാല്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുകയെന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പട്നയില്‍ മാത്രമാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നീറ്റ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയതു മുതല്‍ വിതരണം ചെയ്തതു വരെയുള്ള വിശദാംശങ്ങള്‍ കോടതി തേടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പുനപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു.
എന്തുകൊണ്ട് പുനപരീക്ഷ നടത്തണമെന്നതില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം ഹര്‍ജി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നീറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.