കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ മോസ്‌കോയില്‍ വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ്'- സെലെന്‍സ്‌കി എക്സില്‍ കുറിച്ചു.
ഉക്രെയ്‌നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോഡി നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തെയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വിമര്‍ശിച്ചത്. കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പങ്കു വെച്ചാണ് സെലെന്‍സ്‌കിയുടെ എക്സിലെ പോസ്റ്റ്.
റഷ്യന്‍ ആക്രമണത്തില്‍ കുട്ടികളടക്കം 40 ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേ ദിവസം മോഡി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി പറഞ്ഞു.
അഞ്ച് നഗരങ്ങളെ ലക്ഷ്യമിട്ട് നാല്‍പ്പതിലധികം മിസൈലുകള്‍ തിങ്കളാഴ്ച ഉക്രെയ്‌നില്‍ പതിച്ചതായി പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയങ്ങളെയും പൊതുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൈപ്പര്‍ സോണിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നും സമീപകാലത്തുണ്ടായ ഏറ്റവുംവലിയ ആക്രമണമാണിതെന്നും ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
മോഡിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഉക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയിലേക്കുള്ള മോഡിയുടെ ആദ്യ സന്ദര്‍ശനമാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തുകയും അദേഹത്തിന്റെ അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ മോഡി ആവശ്യപ്പെട്ട പ്രകാരം റഷ്യന്‍ പട്ടാളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ വിടുതല്‍ ചെയ്യാന്‍ പുടിന്‍ ഉത്തരവിട്ടു. ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികളും റഷ്യ തന്നെ സ്വീകരിക്കുമെന്നും മോഡിക്ക് പുടിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഉക്രയ്‌നുമായുള്ള റഷ്യയുടെ യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സേനയുടെ ഭാഗമായി നിരവധിപേര്‍ അവിടെ അകപ്പെട്ടിട്ടുമുണ്ട്. ഇവര്‍ക്കെല്ലാം ഇനി സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്താന്‍ കഴിയും. മറ്റു ജോലികള്‍ക്കെന്ന പേരില്‍ കബളിപ്പിച്ചാണ് ഇന്ത്യക്കാരെയടക്കം ഏജന്റുമാര്‍ യുദ്ധ മുഖത്ത് എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.