തിരുവനന്തപുരം: ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് രേഖ യുഡിഎഫ് പുറത്ത് വിട്ടു. യുവതീ പ്രവേശനം കര്‍ശനമായി വിലക്കുന്ന കരടില്‍ ആചാര ലംഘനത്തിന് രണ്ട് വര്‍ഷം വരെ തടവും നിര്‍ദ്ദേശിക്കുന്നു. നിയമ നിര്‍മ്മാണത്തിന് സാധുതയില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ സജീവമാക്കി യുഡിഎഫ് കരട് രേഖ പുറത്തു വിട്ടത്.
വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധികാരത്തിലെത്തിയാല്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് മുന്‍കൂട്ടി പുറത്തു വിട്ടത്. യുവതീ പ്രവേശനം നിയമപരമായി തന്നെ വിലക്കുന്ന കരടില്‍ തന്ത്രിക്ക് പരമാധികാരം നല്‍കുന്നു. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിയുടേതാകും അന്തിമ വാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപ മതമാക്കിയും പ്രഖ്യാപിക്കുന്നു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ തുല്യത ഉറപ്പാക്കിയുള്ള 2018 സെപ്റ്റംബര്‍ 28ന്റെ യുവതീ പ്രവേശന വിധിയെ നിയമം കൊണ്ട് വന്ന് സംസ്ഥാനങ്ങള്‍ക്ക് മറികടക്കാനാകില്ലെന്ന വാദമാവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുക. കേസ് വിശാലമായ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ള സാഹചര്യത്തിലെ നിയമപ്രശ്‌നം എല്‍ഡിഎഫും ബിജെപിയും ഉന്നയിക്കും. അതേ സമയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ കേസുള്ളപ്പോഴും തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ജെല്ലിക്കെട്ട് നിയമമാകും യുഡിഎഫ് മറുപടി.
കോടതിവിധി മറികടന്നുള്ള നിയമത്തിന് കോടതി തന്നെ ചോദ്യം ചെയ്യുന്നത് വരെ പ്രാബല്യമുണ്ടെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിയമ പ്രശ്‌നങ്ങള്‍ക്കപ്പുറം വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന രാഷ്ട്രീയ നിലപാടെടുത്താണ് യുഡിഎഫ് ഇതര മുന്നണികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.