കീവ്: കീവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ ദുഖം രേഖപ്പെടുത്തി ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. ജൂലൈ എട്ടിന് റഷ്യൻ സൈന്യം ആശുപത്രിക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 41ലേറെപ്പേർ മരണമടയുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആക്രമണം പ്രതികാരത്തിനായി സ്വർഗത്തോടു നിലവിളിക്കുന്ന പാപമാണ്. കാരണം ജീവൻ രക്ഷിക്കാനായി പലവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ട കുട്ടികളെയാണ് റഷ്യൻ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. പല കുഞ്ഞുങ്ങളെയും ആ സമയത്ത് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയായിരുന്നു. ദൈവത്തിന്റെ നാമത്തിൽ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നെന്ന് സഭാധ്യക്ഷൻ പറഞ്ഞു.
ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരണമടഞ്ഞ നിരപരാധികളായ കുട്ടികൾക്ക് വേണ്ടിയും ഈ ദുരന്തത്തിൽ വേദനയനുഭവിക്കുന്നവർക്ക് വേണ്ടിയും ആർച്ച് ബിഷപ്പ് പ്രാർഥിച്ചു.
അതേസമയം മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ നാല് കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. ഉക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. തിങ്കളാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. അന്ന് തന്നെ കീവിലെ ഒരു താമസ കേന്ദ്രത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.