അകാലത്തിൽ അന്തരിച്ച മേരികുഞ്ഞിന് വിട നൽകി പെർത്ത് സമൂഹം

അകാലത്തിൽ അന്തരിച്ച മേരികുഞ്ഞിന് വിട നൽകി പെർത്ത് സമൂഹം

പെർത്ത് : കാൻസർ ബാധിതയായി അന്തരിച്ച പെർത്ത് വില്ലേട്ടനിലെ മേരികുഞ്ഞ് സന്തോഷിന് (49) വിട നൽകി പെർത്ത് സമൂഹം. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ രാവിലെ 10.30ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. രാവിലെ 11 മണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ഫാ. ബിബിൻ വേലൻ പറമ്പിൽ മുഖ്യകാർമ്മകത്വം വഹിച്ചു. തുടർന്ന് നടന്ന മൃതസംസ്കാര ശുശ്രൂഷക്കും ഒപ്പീസിനും ഇടവക വികാരി ഫാ. അനീഷ് ജെയിംസ് നേതൃത്വം നൽകി.

തെലങ്കാനയിലെ കമ്മം രൂപതയുടെ മുൻ ബിഷപ്പും അന്തരിച്ച മേരികുഞ്ഞിന്റെ ഭർതൃപിതാവിന്റെ സഹോദരനുമായ ബിഷപ്പ് പോൾ മയിപ്പാൻ അനുസ്മരണ സന്ദേശം നൽകി. സങ്കീർത്തന പുസ്തകത്തിലെ 16ാം അധ്യായത്തിലെ സന്ദേശം വിവരിച്ചുകൊണ്ടായിരുന്നു ബിഷപ്പിന്റെ സന്ദേശം.

"കർത്താവാണ് എന്റെ ആശ്രയവും എന്റെ ബലവും; അതുകൊണ്ട് എന്റെ ദൃഷ്ടികൾ കർത്താവിൽ ഞാൻ നിർത്തുന്നു. ആ കർത്താവ് എന്റെ പക്ഷത്തുണ്ട്".  മരണം നമ്മെ എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരുടേതാകുമ്പോൾ. കർത്താവായ യേശു മരിച്ചു ഉയർത്തെഴുന്നേറ്റു അവിടുന്ന് വീണ്ടും വരും എന്ന് നാം പഠിച്ചിട്ടുണ്ട്. അതാണ് നമ്മുടെ പ്രത്യാശയും വിശ്വാസവും. അതുകൊണ്ടാണ് കർത്താവിൽ മരിക്കുന്നവർ ധന്യരാണെന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്ന് ബിഷപ്പ് പോൾ മയിപ്പാൻ പറഞ്ഞു

പിതാവെ അങ്ങയുടെ കൈകളിലേക്ക് എന്റെ ജീവനെ അർപ്പിക്കുന്നു എന്ന് പറഞ്ഞാണ് യേശു ജീവൻ വെടിഞ്ഞത്. അങ്ങെനെയൊരു നല്ല മരണമാണ് മേരിക്കുഞ്ഞിന് ലഭിച്ചത്. മരണത്തിന്റെ താഴ്‌വാരയിൽ കൊണ്ടുപോയിട്ടാലും ഞാൻ ഭയപ്പെടുകയില്ലെന്ന് 23ാം സങ്കീർത്തനത്തിൽ പറഞ്ഞിട്ടുണ്ട്. മരണം ജീവിത യാത്രയുടെ ഒരു ഭാ​ഗമാണ്. മരണം നമ്മെ ദുഖത്തിലേക്ക് കൊണ്ടുപോകാതെ അതിനെ ജീവിതത്തിന്റെ ഭാ​ഗമായി കാണണം. അതുകൊണ്ടാണ് എന്നെ ഇത്രയധികം സ്നേഹിച്ച ദൈവത്തിൽ നിന്ന് ആർക്കെന്നെ വേർപെടുത്താൻ സാധിക്കുമെന്ന് വിശുദ്ധ പൗലോസ് പറഞ്ഞതെന്നും ബിഷപ്പ് പോൾ മയിപ്പാൻ കൂട്ടിച്ചേർത്തു.

ഫാ. സാബു ജേക്കബ്, ഫാ.സിനോൾ മാത്യു, ഫാ.ജോർജ് ജെയിംസ്, ഫാ. ജോൺ പള്ളിപ്പാടൻ എന്നിവർ സഹ കർമ്മികരായിരുന്നു. പെർത്തിലെ നിരവധി വിശ്വാസികളും മേരി കുഞ്ഞ് ജോലി ചെയ്തിരുന്ന ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ സഹപ്രവർത്തകരും മൃതസംസാകാര ചടങ്ങിൽ പങ്കെടുത്തു. ഫ്രിമന്റിൽ സെമിട്രിയിൽ മൃതദേഹം സംസ്കരിച്ചു.

കാൻസർ ബാധിതയായ മലയാളി നേഴ്സ് അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് ജൂൺ 28 നാണ് നിര്യാതയായത്. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം വഷളായി സർ ചാൾസ് ഗാർഡനർ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം എളവൂർ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്പതികളുടെ നാലുമക്കളിൽ ഇളയതാണ് മേരികുഞ്ഞ്. മക്കൾ എയ്ഞ്ചൽ, ആൽഫി, അലീന, ആൻലിസ. സഹോദരിമാർ: റെൻസി , സിസ്റ്റർ ലൈസി ( കോഴിക്കോട് ) ലിറ്റി പോളി ചെമ്പൻ (വില്ലേട്ടേൻ പെർത്ത്). 2015 ൽ അയർലണ്ടിൽ നിന്നും പെർത്തിലേക്ക് കുടിയേറിയതാണ് സന്തോഷൂം കുടുംബവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26