ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. സാമ്പത്തിക ആസ്തികള്‍ മരവിപ്പിക്കാനും അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി ഉത്തരവിട്ടു. ഇസ്രായേലിനെയും അമേരിക്കയെയും ശക്തമായി പിന്തുണക്കുന്നയാളാണ് മിലി.
ഓക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇറാനുമായുള്ള ഹമാസിന്റെ അടുത്ത ബന്ധവും പ്രസിഡന്റ് പരാമര്‍ശിച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ രണ്ട് ജൂത കേന്ദ്രങ്ങളിലുണ്ടായ തീവ്രവാദ ആക്രമണങ്ങളിലും അര്‍ജന്റീന ഹമാസിനെ കുറ്റപ്പെടുത്തി.
ഈ ആക്രമണത്തിലൊന്നിന്റെ മുപ്പതാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വരുന്നത്.
1994ല്‍ ബ്യൂണസ് ഐറിസിലെ ജൂത വിഭാഗങ്ങള്‍ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992ല്‍ ഇസ്രായേല്‍ എംബസിക്ക് നേരെയായിരുന്നു മറ്റൊരു ആക്രമണം. ഇതില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിലെ അംഗങ്ങളാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അര്‍ജന്റീന ആരോപിക്കുന്നത്. ഹമാസിനെ യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് അര്‍ജന്റീനയുടെ പ്രഖ്യാപനവും വന്നത്. ലാറ്റിനമേരിക്കയില്‍ ഏറ്റവുമധികം ജൂത സമുദായങ്ങള്‍ താമസിക്കുന്ന രാജ്യം കൂടിയാണ് അര്‍ജന്റീന.
ഡിസംബറില്‍ അധികാരമേറ്റത് മുതല്‍ പ്രസിഡന്റ് ജാവിയര്‍ മിലി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
മിലിയുടെ ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം ഇസ്രയേലിലേക്കായിരുന്നു. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. റോമന്‍ കത്തോലിക്കനായ തനിക്ക് ജൂതമതവുമായി ആഴത്തിലുള്ള ആത്മീയ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.