യൂറോ കപ്പില്‍ മുത്തമിട്ട സ്പാനിഷ് പടയുടെ നായകന്‍ ക്രിസ്തുവിന്റെ അനുയായി; കീരീട നേട്ടത്തില്‍ അഭിനന്ദനവുമായി മെത്രാന്മാര്‍

യൂറോ കപ്പില്‍ മുത്തമിട്ട സ്പാനിഷ് പടയുടെ നായകന്‍ ക്രിസ്തുവിന്റെ അനുയായി; കീരീട നേട്ടത്തില്‍ അഭിനന്ദനവുമായി മെത്രാന്മാര്‍

മാഡ്രിഡ്: നാലു കോടിയിലേറെ ജനങ്ങളുള്ള സ്പെയ്നിന്റെ ഹൃദയം സ്വന്തമാക്കിയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുയന്തെയുടെ ടീം യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ആ പരിശീലകന്റെ ഹൃദയം കീഴടക്കിയത് രക്ഷകനായ ക്രിസ്തുവാണ്. ലൂയിസ് ഡി ലാ ഫ്യുയന്തെയുടെ നേട്ടം ലോകമെങ്ങും ആഘോഷിക്കപ്പെടുമ്പോള്‍ അതിനു പിന്നിലെ ആത്മീയ പ്രചോദനം യുവതലമുറയ്ക്കും മാതൃകയാണ്.

തന്റെ ക്രൈസ്തവ വിശ്വാസത്തെ പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ലൂയിസിനെയും അദ്ദേഹം പരിശീലിപ്പിച്ച സ്പാനിഷ് പടയെയും അന്താരാഷ്ട്ര മാധ്യമങ്ങളും ലോക രാജ്യങ്ങളും വാനോളം പുകഴ്ത്തുകയാണ്. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിന്‍ യൂറോ കപ്പില്‍ നാലാം കിരീടം സ്വന്തമാക്കിയത്.

ഫുട്‌ബോള്‍ ടീമിനെയും പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുയന്തെയെയും അഭിനന്ദിച്ച് സ്പാനിഷ് മെത്രാന്മാരും രംഗത്തെത്തി. സെവില്ലെ ആര്‍ച്ച് ബിഷപ്പ് ജോസ് ഏഞ്ചല്‍ സൈസ് മെനെസെസ്, ദേശീയ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് എക്‌സില്‍ തന്റെ സന്തോഷം പങ്കുവെച്ചു.

'ക്രിസ്തുവില്‍ അഗാധമായി വിശ്വസിക്കുന്ന വ്യക്തിയാണ് കോച്ച് ലൂയിസ്. തന്റെ വിശ്വാസവും ഭക്തിയും പരസ്യമായി പ്രകടിപ്പിക്കാന്‍ ലൂയിസിന് യാതൊരു അപകര്‍ഷതയുമില്ലെന്നും വിശ്വാസം, വിനയം, വ്യക്തിത്വത്തിന് മുകളിലായുള്ള ടീമിന്റെ മൂല്യം, ആത്മവിശ്വാസം എന്നിവ കൈമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

അവസാന മത്സരത്തില്‍ ദൈവം വഹിക്കുന്ന പങ്കിനെക്കുറിച്ച് നിരീശ്വരവാദിയായ ഒരു പത്രപ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനത്തിനിടെ ലൂയിസിനോടു ചോദ്യം ഉന്നയിച്ചിരുന്നു. അതിന് കോച്ച് ലൂയിസ് നല്‍കിയ മറുപടി, ഒറിഹുവേല-അലികാന്റെ രൂപതാ ബിഷപ്പ് ജോസ് ഇഗ്‌നാസിയോ മുനില പങ്കുവെച്ചു.

'വിശ്വാസം വ്യക്തിപരവും കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. ഞാന്‍ സ്വതന്ത്രനായതിനാല്‍ എന്തു ചെയ്യണം എന്നെനിക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. എന്റെ ബോധ്യങ്ങുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്. അത് ജീവിതത്തിന് ഉറപ്പും ശക്തിയുമേകുന്നു.

ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് ശേഷമുള്ള ലിയോ മെസിയുടെ വാക്കുകളും ബിഷപ്പ് അനുസ്മരിച്ചു. 'ഞാന്‍ ഒന്നും ചെയ്തില്ല, ദൈവമാണ് എന്നെ ഇങ്ങനെ കളിക്കാന്‍ പ്രേരിപ്പിച്ചത്'.

'മനുഷ്യരുടെ മുമ്പാകെ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പാകെ ഞാനും ഏറ്റുപറയും'' (മത്തായി 10:32) എന്ന യേശുവിന്റെ വാക്കുകളും ബിഷപ്പ് ജോസ് ഇഗ്‌നാസിയോ മുനില 'എക്‌സി'ല്‍ കുറിച്ചു.

ഒരു മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍, താന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ദൈവവുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യകാലത്ത് വിശ്വാസത്തില്‍ നിന്ന് അകന്നാണ് കഴിഞ്ഞതെന്നും ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ദൈവത്തിലേക്ക് വീണ്ടുമെത്താനും താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തില്‍ ആശ്രയിക്കാനും തീരുമാനിച്ചുവെന്നും ദൈവത്തില്‍ വിശ്വസിക്കാന്‍ ഒന്നല്ല, ആയിരം കാരണങ്ങളുണ്ടെന്നും ലൂയിസ് ഡി ലാ വെളിപ്പെടുത്തിയിരുന്നു.

സ്പാനിഷ് ടീമിനെ ബിഷപ്പ് ജുവാന്‍ കാര്‍ലോസ് എലിസാല്‍ഡെയും അഭിനന്ദിച്ചു. 'ഒഴിവു സമയങ്ങള്‍ സ്‌പോര്‍ട്സിനായി വിനിയോഗിക്കാന്‍ നിരവധി യുവാക്കളെ നിങ്ങളുടെ വിജയം പ്രചോദിപ്പിക്കട്ടെയെന്ന് ആശംസിക്കുന്നു. ടീം വര്‍ക്ക്, കഠിനാധ്വാനം, ആരോഗ്യകരമായ മത്സരം, എന്നിവയിലൂടെ എല്ലാ ദിവസവും നമുക്ക് മികച്ചതായി മാറ്റാം.

ലൂയിസ് തിരഞ്ഞെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ നിക്കോ വില്യംസും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഘാനയില്‍ നിന്നുള്ളവരാണ്. പട്ടിണിയും കുറ്റകൃത്യങ്ങളും നിറഞ്ഞ ജന്മനാടുപേക്ഷിച്ച് സ്‌പെയിനിലേക്ക് കുടിയേറിയ നിക്കോയുടെ മാതാപിതാക്കളായ ഫെലിക്‌സിനും അന്നു ഗര്‍ഭിണിയായിരുന്ന മരിയക്കും നേരിടേണ്ടി വന്നത് കടുത്ത ദുരിതമാണ്.

ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ, മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും കണ്ണില്‍പ്പെടാതെയുള്ള അതികഠിനമായ യാത്രയ്‌ക്കൊടുവിലാണ് സ്‌പെയിന്‍ അതിര്‍ത്തി കടന്നത്.

ദുരിതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് സ്പെയിനിലെ ബില്‍ബാവോയില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ഇരുവരെയും സഹായിച്ചത് കാരത്താസ് ഇന്റര്‍നാഷണല്‍ എന്ന കത്തോലിക്ക സംഘടനയാണ്. ഫെലിക്‌സിനും മരിയക്കും രണ്ടു മക്കള്‍ പിറന്നു. വില്യംസും നിക്കോ വില്യംസും.

അവരുമായി തുടക്കം മുതല്‍ ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍, വില്യംസ് പറയുന്നതിങ്ങയൊണ് - 'അവര്‍ വിശ്വാസത്തില്‍ തീവ്രമായി ജീവിച്ചു. ഒന്നാമതായി, മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്‌നാനത്തിന്റെയും പരിശുദ്ധ കുര്‍ബ്ബാനയുടെയും സമ്മാനം നല്‍കി. അവര്‍ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുകയും ജീവിതത്തില്‍ അത് അനുഗമിക്കുകയും ചെയ്യുന്നു'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.