ബീജിങ്: തിരഞ്ഞെടുപ്പ് യോഗത്തിനിടെ വെടിയേറ്റ് നിമിഷങ്ങള്‍ക്കകം വായുവിലേക്ക് മുഷ്ടി ചുരുട്ടി ആത്മവിശ്വാസത്തോടെ നിന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ പുറത്തിറങ്ങിയിരുന്നു. ലോകത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ട്രംപിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ ഹിറ്റാണ്. എന്നാല്‍ ഇത്തരം ചിത്രമുള്ള ടീ ഷര്‍ട്ടുകളുടെ വില്‍പന ചൈന തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ആരംഭിച്ച വില്‍പനയാണ് ചൈന തടഞ്ഞിരിക്കുന്നത്.
വെടിവയ്പ്പുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ഈ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ ചൈനീസ് ഇ-കൊമേഴ്സ് സൈറ്റുകളില്‍ ലഭ്യമായിരുന്നു. 39 യുവാന്‍ (500 രൂപയോളം) ആയിരുന്നു വിലയിട്ടത്. എന്നാല്‍, എന്തുകൊണ്ടാണ് ഇത് അധികൃതര്‍ നീക്കം ചെയ്യിപ്പിച്ചത് എന്നത് വ്യക്തമല്ല. അമേരിക്കയില്‍ നിന്നടക്കം ടീഷര്‍ട്ടിനായി ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ചൈനയിലെ റീട്ടെയിലര്‍മാര്‍ക്ക് ലഭിച്ചത്.
ചൈനീസ് ടെക് സ്ഥാപനമായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ലാസാഡ ആന്‍ഡ് ഷോപ്പിയിലും ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥതപ്പെടുത്തുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷര്‍ട്ട് വില്‍പന ചൈന വിലക്കിയത്. ചൈനീസ് ഇന്റര്‍നെറ്റ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ട്രംപിനു നേരെയുണ്ടായ വധശ്രമം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലും വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. വര്‍ഷങ്ങളായി ചൈനയിലെ സൈബറിടങ്ങളിലും ട്രംപ് ശ്രദ്ധാകേന്ദ്രമാണ്.
അതേസമയം സമാന ചിത്രത്തോട് കൂടിയുള്ള ടീ ഷര്‍ട്ട് വില്‍പന അമേരിക്കയില്‍ പൊടിപൊടിക്കുകയാണ്. മരണമില്ലാത്ത് നേതാവ്, വെടിയുണ്ടകള്‍ക്കും ഭേദിക്കാനാവാത്ത നേതാവ് എന്നര്‍ത്ഥം വരുന്ന ബുള്ളറ്റ് പ്രൂഫ് എന്നീ എഴുത്തുകളോടെയാണ് ടീ ഷര്‍ട്ട് വില്‍പന നടക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകള്‍ വശത്താണ് പരിക്കേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.