ബംഗളൂരു: മുണ്ടുടുത്ത കര്‍ഷകന് പ്രവേശനം നിഷേധിച്ച ഷോപ്പിങ് മാള്‍ അടച്ചുപൂട്ടി കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരു മാഗഡി റോഡിലെ ജി.ഡി വേള്‍ഡ് മാളാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി അടച്ചു പൂട്ടിയത്. ചൊവ്വാഴ്ചയാണ് സിനിമ കാണാനെത്തിയ 62 കാരനായ ഫക്കീരപ്പ എന്ന കര്‍ഷകനെ മാളില്‍ നിന്ന് അപമാനിച്ചിറക്കിവിട്ടത്.
സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കന്നഡ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മകന്‍ നാഗരാജിനെ കാണാനാണ് ഫക്കീരപ്പ ബംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാഗരാജ് മാതാപിതാക്കളെ സിനിമ കാണാനായി മാളിലേക്ക് കൊണ്ടു പോയി. എന്നാല്‍ മുണ്ട് ധരിച്ചവര്‍ക്കര്‍ക്ക് മാളില്‍ പ്രവേശനമില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാര്‍ പ്രവേശനം വിലക്കുകയായിരുന്നു.
ഇരുവരും പലതവണ ആവശ്യപ്പെട്ടിട്ടും സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ പ്രവേശനം അനുവദിച്ചില്ല. ഒരു മാളിലും ഇത്തരം വസ്ത്രം ധരിക്കാന്‍ അനുവദമില്ലെന്നും സൂപ്പര്‍ വൈസര്‍ ഇവരോട് പറഞ്ഞു. പാന്റ് ധരിച്ചാല്‍ പ്രവേശിപ്പിക്കാമെന്നായിരുന്നു മാളിന്റെ നിലപാട്.
ഒരുപാട് ദുരെ നിന്നാണ് വരുന്നതെന്നും പാന്റ് ധരിക്കാന്‍ സമയമില്ലെന്നും പറഞ്ഞെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തറിഞ്ഞതോടെ വ്യാപക വിമര്‍ശനമാണ് മാളിനെതിരെ ഉയര്‍ന്നത്. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കര്‍ഷകന് പിന്തുണയുമായെത്തി.
വിഷയം വ്യാഴാഴ്ച നിയമസഭയില്‍ എത്തിയതോടെയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാള്‍ 1.78 കോടി രൂപ വസ്തു നികുതി നല്‍കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നികുതി അടക്കാത്തതില്‍ മാളിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പണം അടക്കാത്തതുകൊണ്ടാണ് അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
പിന്തുണച്ച മാധ്യമങ്ങളോട് ഫക്കീരപ്പ നന്ദി പറഞ്ഞു. 'പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഇത്രയും പിന്തുണ ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും എനിക്കൊപ്പം നിന്നതില്‍ സന്തോഷമുണ്ട്. വസ്ത്ര ധാരണത്തില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്. ഇത് മാളുകള്‍ക്ക് ഒരു പാഠമാണ്' -ഫക്കീരപ്പ പറഞ്ഞു.
സംഭവത്തെ അപലപിക്കുന്നതായും ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടുമെന്നും സര്‍ക്കാരിന് വേണ്ടി സംസ്ഥാന നഗരവികസന, നഗരാസൂത്രണ മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബെംഗളുരുവിലെ ഒരു മെട്രോ സ്റ്റേഷനിലും സമാന സംഭവം നടന്നിരുന്നു. വസ്ത്രങ്ങളില്‍ അഴുക്കു പുരണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ജീവനക്കാരന്‍ അന്ന് യാത്രക്കാരന് പ്രവേശനം നിഷേധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.