ബ്രിസ്ബെയ്ന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ്‌ലന്‍ഡില്‍ ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്ന വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കാന്‍ വന്‍തുക നീക്കിവച്ച് സര്‍ക്കാര്‍. കത്തോലിക്ക സഭയുടേത് ഉള്‍പ്പെടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കാന്‍ 40 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തിയത്.
സംസ്ഥാനത്തെ ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും തടസങ്ങളില്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനും അനുവദിക്കുന്ന ആക്ഷന്‍ പ്ലാനാണ് ആരോഗ്യ-വനിതാ മന്ത്രി ഷാനന്‍ ഫെന്റിമാന്‍ അവതരിപ്പിച്ചത്. ഗര്‍ഭഛിദ്രം നടത്തുന്നവരെ പരിശീലിപ്പിക്കാനുള്ള ധനസഹായം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.
“Termination of Pregnancy Action Plan 2032” എന്ന പദ്ധതി പ്രധാനമായും പ്രാദേശിക ക്വീന്‍സ്‌ലന്‍ഡിനെയാണ് ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഗര്‍ഭച്ഛിദ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ 20 മില്യണ്‍ ഡോളറും അത്യാധുനിക നിലവാരത്തിലുള്ള മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാന്‍ ഒന്‍പത് മില്യണ്‍ ഡോളറും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് എട്ട് മില്യണ്‍ ഡോളറും പദ്ധതി വകയിരുത്തുന്നു.
സര്‍ക്കാര്‍ നീക്കം ക്വീന്‍സ്‌ലന്‍ഡിലെ വിശ്വാസികളുടെ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേലുള്ള ആക്രമണമെന്നാണ് ചെറിഷ് ലൈഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മാത്യു ക്ലിഫ് പറഞ്ഞു. 88 ശതമാനം ക്യൂന്‍സ്‌ലന്‍ഡുകാരും പിന്തുണയ്ക്കുന്ന സേവനമായ കൗണ്‍സിലിങ്ങില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിക്ഷേപം നടത്താത്തതെന്നും മാത്യു ക്ലിഫ് ചോദിച്ചു.
ഗര്‍ഭച്ഛിദ്രത്തെ മനസു കൊണ്ട് എതിര്‍ക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും മിഡ്വൈഫുമാരെയും വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ക്ലിഫ് പറഞ്ഞു.
'ക്വീന്‍സ്‌ലന്‍ഡുകാര്‍ തിരിച്ചറിയണം, ഈ പദ്ധതി അസംഖ്യം ക്വീന്‍സ്ലന്‍ഡുകാരുടെ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേലുള്ള കടന്നാക്രമണമാണിത്. നിരപരാധികളും പ്രതിരോധിക്കാന്‍ കഴിയാത്തവരുമായ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനോട് കടുത്ത അവഗണന കാണിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ നയിക്കുന്നത്' - ക്ലിഫ് കൂട്ടിച്ചേര്‍ത്തു.
ബ്രിസ്ബെയ്ന്‍ ആസ്ഥാനമായുള്ള അബോര്‍ഷന്‍ അനുകൂല ഗ്രൂപ്പായ ചില്‍ഡ്രന്‍ ബൈ ചോയ്സിന് സര്‍ക്കാര്‍ എട്ട് മില്യണ്‍ ഡോളര്‍ ധനസഹായമാണ് അനുവദിച്ചത്.
'അതേസമയം നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലേറാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പദ്ധതി മുന്നോട്ട് പോകില്ലെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. തിരഞ്ഞെടുപ്പില്‍ ചെറിഷ് ലൈഫ് എന്ന സംഘടന ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.