ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500 ലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍ ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. അതിനാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ റാലികള്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.
ബംഗ്ലാദേശില്‍ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് തിരികെ എത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയവരില്‍ ഏറെയും. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും എന്നാല്‍ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതല്‍ ഫോണ്‍ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശില്‍ നിന്ന് താല്‍കാലികമായി മടങ്ങാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറിലേറെ വിദ്യാര്‍ത്ഥികളാണ് സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷഭരിതമായത്. ധാക്ക യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
തുടര്‍ച്ചയായ നാലാം വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേരിടുന്ന ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരും ഭരണകക്ഷിയിലെ വിശ്വസ്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് രാജ്യത്തുടനീളമായി ഏറ്റുമുട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.