ഇസ്ലാമാബാദ്: മത പീഡനങ്ങള്‍ക്കിടയിലും തീവ്ര ഇസ്ലാമിക രാജ്യമായ പാകിസ്ഥാനില്‍ ക്രൈസ്തവ ജന സംഖ്യയില്‍ വര്‍ധനവ്. പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം ക്രൈസ്തവരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.27 ശതമാനത്തില്‍ നിന്ന് 1.37 ശതമാനമായി ഉയര്‍ന്നു.
2023 ല്‍ പാകിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 96.35 ശതമാനം മുസ്ലീങ്ങളാണ്. 2017 ല്‍ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവര്‍ 2023 ല്‍ 33 ലക്ഷമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഹിന്ദു ജനസംഖ്യ മൂന്ന് ലക്ഷം വര്‍ധിച്ചു. 35 ലക്ഷത്തില്‍ നിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി.
2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനില്‍ ക്രൈസ്തവര്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാകിസ്ഥാനുള്ളത്.
അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്ത് പതിവ് സംഭവമാണ്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവ് ന്യൂനപക്ഷ സമൂഹത്തിന് പ്രതീക്ഷ പകരുന്നതാണ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീല്‍ താഹിര്‍ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷയാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീല്‍ താഹിറിന്റെ സ്ഥാനലബ്ദി നല്‍കുന്നത്.
അതിനിടെ പാകിസ്ഥാന്‍ ആര്‍മിയുടെ പ്രത്യേക പ്രവര്‍ത്തന സേനയായ എസ്എസ്ജിയില്‍ നിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജര്‍ ജനറലായി ജൂലിയന്‍ ജെയിംസ് നിയമിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ക്രൈസ്തവര്‍ എത്തുന്നത് രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനത്തിന് നേരിയ തോതിലെങ്കിലും കുറവുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം പ്രായ പൂര്‍ത്തിയാകാത്തവരുടെ വിവാഹം തടയുന്നതിനായി പാക് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയെ പാക് മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. നിര്‍ബന്ധിത ശൈശവ വിവാഹങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി വിവാഹ പ്രായം പതിനെട്ടായി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ ഭേദഗതി നിലവില്‍ വന്നിരിക്കുന്നത്.
1872 ലെ ക്രിസ്ത്യന്‍ വിവാഹ നിയമം ഭേദഗതി ചെയ്യുന്ന പുതിയ നിയമ നിര്‍മ്മാണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിയമ നിര്‍മ്മാണ സഭയില്‍ പാസാക്കിയതിന് ശേഷം ഈ ആഴ്ച ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുന്‍ നിയമമനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിമൂന്നായിരുന്നു.
നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടു പോകലുകളും ലൈംഗീക ദുരുപയോഗങ്ങളും നിര്‍ബന്ധിത ശൈശവ വിവാഹങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സ്വാതന്ത്ര്യം മാനിക്കപ്പെടുന്നതിനുമായി പാകിസ്ഥാനിലെ ക്രൈസ്തവ സഹോദരങ്ങള്‍ നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഈ നിയമഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമമനുസരിച്ച് വിവാഹത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായം 18 വയസായിരിക്കണം.
ഈ ബില്‍ ഏകകണ്ഠമായി പാസാക്കിയതിന് ജന പ്രതിനിധിസഭയിലെ മുഴുവന്‍ അംഗങ്ങളോടും ആത്മാര്‍ഥമായ അഭിനന്ദനം അറിയിക്കുന്നതായി വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ ചേര്‍ന്നു നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ ശിക്ഷാ നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.