കണ്ണൂർ: ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. കെഎസ്ടിഎ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മാർക്സിസത്തിന്റെ കാതലായ വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തെ സിപിഎം നേതാവ് തള്ളിപ്പറഞ്ഞത്.
ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്ന് പറഞ്ഞത് ഇടത് ഗ്രൂപ്പുകൾക്കൊപ്പം പൊതു സമൂഹത്തിലും വലിയ ചർച്ചയായി മാറി. നമ്മൾ ഇപ്പോഴും ജന്മിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി കേഡറുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിരീശ്വര വാദികളും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരുമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഉറപ്പ് വരുത്തിയിരുന്നു. അതുകൊണ്ടാണ് രഹസ്യമായി ക്ഷേത്ര ദർശനം നടത്തുന്നവരെയും പള്ളികളിൽ പോകുന്നവരെയും പാർട്ടി തള്ളിപറഞ്ഞിരുന്നത്.
കമ്യൂണിസ്റ്റുകാരനായിരുന്ന അന്തരിച്ച മത്തായി ചാക്കോ എംഎൽഎ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന താമരശേരി രൂപതാ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിന് മറുപടിയായി അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ താമരശ്ശേരി മുൻ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ച് ആക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.
'1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല, ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്.
ക്രിസ്ത്യാനിയോ ഹിന്ദുവോ പാഴ്‌സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി.
തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
ശബരിമലയിലെ യുവതീ പ്രവേശം വീണ്ടും ചർച്ചയാകുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ പരമാർശങ്ങൾ. പ്രസംഗത്തിൽ ശബലിമലയിലെ വിവാദങ്ങളെ കുറിച്ചും ഗോവിന്ദൻ പ്രതികരിക്കുന്നുണ്ട്. ഈശ്വര വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ശബരിമല വിഷയത്തിൽ എടുക്കുന്ന സമീപനം ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ചു എന്ന ബിജെപി കോൺഗ്രസ് പ്രചാരണ തന്ത്രത്തെ മറികടക്കാനുള്ള ഒരടവ് നയമായി രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നു. കമ്യൂണിസ്റ്റ് നേതാവായ ടി കെ ഹംസയുടെ ഉംറ തീർത്ഥാടനം നേരത്തെ സോഷ്യൽ മീഡിയയിൽ വിവാദമായിരുന്ന.
(ജോ കാവാലം )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.