മതസ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരേ കാമ്പെയ്നുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി; നിങ്ങള്‍ക്കും പങ്കുചേരാം

മതസ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരേ കാമ്പെയ്നുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി; നിങ്ങള്‍ക്കും പങ്കുചേരാം

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മതപരമായ വിവേചന ബില്ലിനും ലിംഗ വിവേചന നിയമത്തിലെ ഭേദഗതികള്‍ക്കും എതിരേ കാമ്പെയ്നുമായി ക്രൈസ്തവ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍).

ഈ രണ്ടു നിയമനിര്‍മാണങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്റെയും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുടെയും സ്വതന്ത്രമായ ആവിഷ്‌കാരത്തിന് ഭീഷണി ഉയര്‍ത്തുന്നു. ഓസ്ട്രേലിയയിലെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ക്രൈസ്തവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് എ.സി.എല്‍ ആഹ്വാനം ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് സ്‌കൂളുകളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്നതാണ് മതപരമായ വിവേചന ബില്‍. ഇതിനെതിരേ ശക്തമായ പ്രതിഷേധം വിശ്വാസികളില്‍നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.

മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളുടെ ആണിക്കല്ല് കൂടിയാണ്. ഭീഷണികളെയും വിവേചനത്തെയും ഭയപ്പെടാതെ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ വ്യക്തികളെ മതസ്വാതന്ത്ര്യം അനുവദിക്കുന്നു. എന്നാല്‍, സര്‍ക്കാരിന്റെ സമീപകാല നിയമനിര്‍മ്മാണങ്ങള്‍ ഈ മൗലിക സ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നതാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ, മതസ്ഥാപനങ്ങളാണ് ഈ കടന്നുകയറ്റത്തിന് ഇരയാകുന്നത്.

ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിരുദ്ധമായി, പ്രകൃതി വിരുദ്ധ ലൈംഗിക ആശയങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതാണ് ശുപാര്‍ശകളില്‍ പലതും. ഇതുകൂടാതെ പരമ്പരാഗത മൂല്യങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്ന അധ്യാപകരെ നിയമിക്കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഉദാഹരണത്തിന്, ലൈംഗിക അധാര്‍മികതയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഒരു ജീവിതശൈലി പിന്തുടരണമെന്ന് ജീവനക്കാരെ നിര്‍ബന്ധിക്കാന്‍ പോലും സ്‌കൂളുകള്‍ക്കാവില്ല.

മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന നയരൂപീകരണത്തിനായി എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും വേണ്ടി വാദിക്കാനാണ് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ശ്രമിക്കുന്നത്. ഇതിനായി എല്ലാ ക്രൈസ്തരുടെയും പിന്തുണയാണ് സംഘടന അഭ്യര്‍ത്ഥിക്കുന്നത്.

'ക്ലാസ് മുറിയിലായാലും ജോലിസ്ഥലത്തായാലും പൊതുസ്ഥലത്തായാലും വ്യക്തികള്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവമഹത്വത്തിനും ഭാവി തലമുറകള്‍ക്കു വേണ്ടിയും നാം ഒരു ഉറച്ച നിലപാട് എടുക്കേണ്ട സമയമാണിത്. സുവിശേഷം രക്ഷയുടെ സുവാര്‍ത്തയാണ്, അത് ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു. സുവിശേഷത്തിന് അനുസൃതമായി പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി നമുക്ക് നിലകൊള്ളാം. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ സന്ദേശം നല്‍കാനും ഈ ക്യാമ്പെയ്ന്‍ പ്രയോജനപ്പെടുത്തണമെന്ന് എ.സി.എല്‍ അഭ്യര്‍ത്ഥിക്കുന്നു.

സദുദ്ദേശപരമായ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, അറ്റോര്‍ണി ജനറല്‍, ഷാഡോ അറ്റോര്‍ണി ജനറല്‍, ഫെഡറല്‍ എംപി എന്നിവര്‍ക്ക് ഇ-മെയില്‍ അയയ്ക്കാന്‍ ചുവടെയുള്ള ലിങ്ക് സന്ദര്‍ശിക്കാം.

Defending Religious Freedom: Join Our Campaign Today

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.