പെര്‍ത്ത്: ലിംഗ സ്വത്വം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന കുട്ടികളെ മെഡിക്കല്‍ ചികിത്സയിലേക്ക് തള്ളിവിടുന്നതിനെതിരേ ഡോക്യുമെന്ററിയിലൂടെ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍).
ലിംഗ മാറ്റ/സ്ഥിരീകരണ സേവനങ്ങള്‍ എന്ന പേരില്‍ നടത്തുന്ന അപകടകരമായ ചികിത്സകളെതുടര്‍ന്ന് ഓസ്ട്രേലിയയിലെ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അനാവരണം ചെയ്യുന്നതാണ് ഡോക്യുമെന്ററി. ഇതുവരെ ആരും തുറന്നു പറയാത്ത ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നത്. 'ദ ജെന്‍ഡര്‍ എക്‌സ്പിരിമെന്റ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
പ്രായപൂര്‍ത്തിയാകുന്നത് തടയുന്ന ഹോര്‍മോണ്‍ ചികിത്സകളും മരുന്നുകളും പ്രയോഗിച്ചതിന്റെ ഗുരുതരമായ അനന്തരഫലങ്ങള്‍ അനുഭവിച്ചവരാണ് ഈ ഡോക്യുമെന്ററിയിലൂടെ സംസാരിക്കുന്നത്. അവരുടെ കഥകള്‍ ഹൃദയഭേദകവും കണ്ണുതുറപ്പിക്കുന്നതുമാണ്. ഈ കഥകള്‍ക്ക് നമ്മുടെയും വരും തലമുറകളുടെയും ചിന്തകളെ മാറ്റാനുള്ള ശേഷിയുണ്ടെന്ന് എ.സി.എല്‍ പറയുന്നു.
കുട്ടികളെ ആജീവനാന്ത ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന ഈ മെഡിക്കല്‍ അഴിമതിയുടെ പിന്നാമ്പുറ കഥകളാണ് ഇതില്‍ വെളിപ്പെടുന്നത്. ഇതില്‍ നിന്ന് ദുര്‍ബലരായ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഈ ഹാനികരമായ ചികിത്സയുടെ ആജീവനാന്ത അനന്തരഫലങ്ങള്‍ ഇനി ഒരു കുട്ടിയും അനുഭവിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി അഭ്യര്‍ത്ഥിച്ചു.
ലിംഗമാറ്റത്തിന് ശ്രമിച്ചതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഡോക്യുമെന്ററിയിലുള്ളത്. ഈ വിഷയത്തിലുള്ള വിദഗ്ധ മെഡിക്കല്‍ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മെഡിക്കല്‍ അഴിമതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതാവും സംസാരിക്കുന്നുണ്ട്.
കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് തടയുന്ന ഇത്തരം മരുന്നുകള്‍ നിരോധിക്കാന്‍ പല രാജ്യങ്ങളും ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഓസ്ട്രേലിയന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. അതിന്റെ ദുരിതം പേറുന്നത് നമ്മുടെ കുട്ടികളാണ് - എ.സി.എല്‍ കുറ്റപ്പെടുത്തുന്നു.
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ സത്യം സംസാരിക്കാനും അന്ധകാരം തുറന്നുകാട്ടാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ കഥകള്‍ പങ്കുവെക്കുന്നതിലൂടെ അനീതിയിലേക്ക് വെളിച്ചം വീശുകയും നിശ്ശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്യുന്നു. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനും ദൈവിക രൂപകല്‍പ്പനയുടെ സംരക്ഷണത്തിനും വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും എ.സി.എല്‍ ആഹ്വാനം ചെയ്തു. ഡോക്യുമെന്ററി ചുവടെ ചേര്‍ക്കുന്നു:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26