പതിനായിരങ്ങൾക്ക് ആത്മീയ ഉണർവ് സമ്മാനിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് അമേരിക്കയിൽ വർണാഭമായ സമാപനം

പതിനായിരങ്ങൾക്ക്  ആത്മീയ ഉണർവ് സമ്മാനിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് അമേരിക്കയിൽ വർണാഭമായ സമാപനം

ഇന്ത്യാനപൊളിസ്: അമേരിക്കയിൽ ജൂലൈ 17- ന് ആരംഭിച്ച് പതിനായിരങ്ങൾക്ക് വലിയ ആത്മീയ ഉണർവ് സമ്മാനിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് വർണാഭമായ സമാപനം. ഇന്ത്യാനപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയുടെ സമാപന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായെത്തിയ കർദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. 60,000 വിശ്വാസികളും 1600- ലധികം വൈദികരും സെമിനാരി വിദ്യാർഥികളും ബിഷപ്പുമാരും കർദിനാളുമാരും 1236 സന്യാസിനികളും തിരുക്കർമ്മങ്ങളിൽ പങ്കാളികളായി.

പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ കോൺഗ്രസിൽ “കുർബാനയിലെ യേശുവിന്റെ സാന്നിധ്യം ഒരു സമ്മാനവും അവിടുത്തെ ദൗത്യത്തിന്റെ പൂർത്തീകരണവുമാണ്” വത്തിക്കാനിലെ സുവിശേഷ വൽക്കരണത്തിനുള്ള ഡിക്കസ്റ്റിയുടെ പ്രീഫെക്ട് കൂടിയായ കർദിനാൾ ടാഗ്ലെ പങ്കുവച്ചു.

എൻ‌എഫ്‌എൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു ബലിയർപ്പണം. നമുക്ക് തീക്ഷ്ണതയോടെയും സന്തോഷത്തോടെയും യേശുവിനെ പ്രഘോഷിക്കാൻ പോകാമെന്നു കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ പറഞ്ഞു. സഭയ്ക്ക് വേണ്ടത് ഒരു പുതിയ പെന്തക്കുസ്തയാണ്. സഭ സുവിശേഷത്തോട് വിശ്വസ്തത പുലർത്തണം. നമ്മൾ ജനിച്ചത് ഈ കാലത്തിനാണ്. ദൈവത്തിൻ്റെ വചനവും ദൈവത്തിൻ്റെ സത്യവും അടിയന്തിരമായി കേൾക്കേണ്ട ഒരു ലോകത്തേക്ക് തിടുക്കത്തിൽ പോകേണ്ട സമയമാണിതെന്നും കർദിനാൾ ലൂയിസ് കൂട്ടിച്ചേർത്തു.

സീറോ മലബാർ റീത്തിൽ കുർബാന

ജൂലൈ 17-21 തീയതികളിൽ നടന്ന അഞ്ച് ദിവസത്തെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ 50 സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങളാണ് ദീർഘദൂര യാത്ര നടത്തി ഇന്ത്യാനപോളിസിൽ എത്തിയത്.  യേശുവിൻ്റെ കുരിശു മരണത്തിന് ശേഷം 2000 വർഷം പിന്നിടുന്ന 2033 ൽ മറ്റൊരു ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടത്താൻ യുഎസ് ബിഷപ്പുമാർ പദ്ധതിയിടുന്നതായി ക്രൂക്ക്സ്റ്റണിലെ ബിഷപ്പ് ആൻഡ്രൂ കോസെൻസ് പ്രഖ്യാപിച്ചു. ശനിയാഴ്ച ദിവ്യകാരുണ്യ കോൺഗ്രസിനിടെ സീറോ മലബാർ റീത്തിലും ബലിയർപ്പണം നടന്നിരിന്നു.

ചോസൺ സീരീസിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജോനാഥൻ റൂമിയുടെ സാന്നിധ്യം

വിനോണ - റോച്ചെസ്റ്റർ മെത്രാൻ റോബർട്ട് ബാരോൺ, അമേരിക്കയിലെ വത്തിക്കാൻ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നൽകുന്ന ക്രൂക്ക്സ്റ്റൺ മെത്രാൻ ആൻഡ്ര്യൂ കോസെൻസ്, ന്യൂയോർക്ക് അതിരൂപത സഹായ മെത്രാൻ ജോസഫ് എസ്പില്ലാട്ട്, ബൈബിൾ ഇൻ എ ഇയർ’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കൺസിന്റേയും, ‘ക്ലിക്ക് കോൺ കൊറാസോൺ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോൺ ബേൺസ്, ചോസൺ സീരീസിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജോനാഥൻ റൂമി ഉൾപ്പെടെ നിരവധി പേർ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പ്രഭാഷണം നടത്തിയിരിന്നു.

2019 ൽ പ്യു റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ അമേരിക്കൻ കത്തോലിക്കരിലെ മൂന്നിലൊന്ന് പേരാണ് ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കൻ മെത്രാൻ സമിതി ദേശീയ ദിവ്യകാരുണ്യ വിശ്വാസ നവീകരണത്തിന് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായാണ് ദീർഘമായ പ്രാർത്ഥനയ്ക്കും ഒരുക്കങ്ങൾക്കും ശേഷം ദിവ്യകാരുണ്യ കോൺഗ്രസ് പ്രഖ്യാപിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.