'ദിവ്യകാരുണ്യം സൗഖ്യം നല്‍കുന്നു'; അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ആത്മീയാനുഭവം പകര്‍ന്ന് ചോസണ്‍ താരം ജോനാഥന്‍ റൂമിയുടെ പ്രഭാഷണം

'ദിവ്യകാരുണ്യം സൗഖ്യം നല്‍കുന്നു';  അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ആത്മീയാനുഭവം പകര്‍ന്ന് ചോസണ്‍ താരം ജോനാഥന്‍ റൂമിയുടെ പ്രഭാഷണം

ഇന്ത്യാനപോളിസ്: 'യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും'.

ചോസണ്‍ പരമ്പരയില്‍ യേശുവിന്റെ വേഷം അവതരിപ്പിച്ച ജോനാഥന്‍ റൂമി തന്റെ കഥാപാത്രത്തിന്റെ അതേ ഭാവത്തോടെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ യോഹന്നാന്റെ സുവിശേഷം വായിച്ചപ്പോള്‍ അത് അവിടെയുണ്ടായിരുന്ന അറുപതിനായിരത്തിലേറെ പേര്‍ക്ക് അത്മീയാനുഭവമായി. നിറഞ്ഞ കൈയടികളോടെയാണ് സദസ് ജോനാഥന്‍ റൂമിയുടെ പ്രഭാഷണം കേട്ടത്.



ചോസണ്‍ പരമ്പരയുടെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ചാം ഭാഗത്തില്‍ അവസാന അത്താഴം ചിത്രീകരിച്ച ശേഷമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് എത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവസാന അത്താഴം പുലര്‍ച്ചെ രണ്ടു മണിക്ക് ചിത്രീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. യേശുവിന്റെ ജീവിതത്തിലെയും ശുശ്രൂഷയിലെയും ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളുടെ ചിത്രീകരണം തനിക്ക് വളരെയധികം ഉത്കണ്ഠയുണ്ടാക്കി. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍, എനിക്ക് ആ നിമിഷങ്ങളുടെ ഭാരം മനസിലായി.

ശാരീരികമായി താന്‍ നല്ല അവസ്ഥയിലായിരുന്നില്ല. പക്ഷെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഈ രംഗങ്ങള്‍ ശരിയായി പ്രതിഫലിപ്പിക്കാന്‍ ആവശ്യമായ എല്ലാ ആത്മീയ അടിത്തറയും വിശുദ്ധിയും എനിക്കുണ്ടെന്ന് ഉറപ്പാക്കാന്‍ ആത്മീയാചാര്യന്‍ ഫാ. ഇയാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.

ഇത് എന്റെ കരിയറിലെ മാത്രമല്ല, ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ലോകത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കാന്‍ അവിടുന്ന് എനിക്ക് നല്‍കിയ ദാനങ്ങളിലൂടെ ദൈവത്തിന് നന്ദി പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. അതിനാല്‍ ദൈവത്തിന് മഹത്വം, കര്‍ത്താവേ നന്ദി.

അവസാനത്തെ അത്താഴത്തിന്റെ വെല്ലുവിളി നിറഞ്ഞ രംഗങ്ങള്‍ക്കായി താന്‍ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യേശുവിന്റെ വേഷത്തില്‍ ഇരിക്കുമ്പോള്‍ ഒരു ഭാരം എന്റെ നെഞ്ചിനെ ഞെരുക്കുന്നതായി തോന്നി. എന്റെ താടിയെല്ലിലൂടെ കടന്നുപോകുന്ന ഈ വേദന എന്റെ ചെവിയിലേക്ക് വരാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു സൂചനയുമില്ല. സാത്താന്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി.

എന്റെ മനുഷ്യത്വത്തെക്കുറിച്ചും കര്‍ത്താവിന്റെ ദൈവികതയെക്കുറിച്ചും ചിന്തിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒപ്പം യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ദൈനംദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകുകയും ചെയ്യുന്നത് ജീവിതത്തെ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. 'ദിവ്യകാരുണ്യം എനിക്ക് സൗഖ്യം നല്‍കുന്നു. എനിക്ക് വിശുദ്ധ കുര്‍ബാന സമാധാനവും ജീവിതത്തിന്റെ അടിത്തറയുമാണ്. ദിവ്യബലി എന്റെ ഉള്ളിലുള്ള യേശുവിന്റെ ഹൃദയമാണ്. ഈ സമയം നമ്മുടെ ജീവിതത്തിലെ ഏറ്റവും ആത്മീയമായി ഉന്നമനവും സംതൃപ്തവുമായ സമയങ്ങളില്‍ ഒന്നായിരിക്കട്ടെ. ഇവിടെ വന്നത് ഒരു ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.