വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമം മുന്‍കൂട്ടി പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് സീക്രട്ട് സര്‍വീസിന്റെ ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജി വച്ചു. ജൂലൈ 13-ന് പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കിംബര്‍ലി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ രാജി വയ്ക്കില്ലെന്നായിരുന്നു കിംബര്‍ലിയുടെ ആദ്യ നിലപാട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജനപ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരായ കിംബര്‍ലി, ആക്രമണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. 2022 ല്‍ പ്രസിഡന്റ് ജോ ബൈഡനാണ് കിംബര്‍ലിയെ ഡയറക്ടറായി നിയമിച്ചത്.
ട്രംപിന് ആവശ്യമായ സുരക്ഷ നല്‍കാന്‍ ഏജന്‍സി തയ്യാറായില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന ആക്രമണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തന പരാജയമാണെന്നും ഡയറക്ടര്‍ എന്ന നിലയില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും കിംബര്‍ലി പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ രഹസ്യാന്വേഷണ സേവനത്തിലെ ആദ്യ പരാജയമാണിതെന്നും കിംബര്‍ലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആക്രമണം നടന്ന ദിവസങ്ങളില്‍ തന്നെ കിംബര്‍ലി രാജി വയ്ക്കണമായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റിപ്പബ്ലിക്കിന്റെയും ഡെമോക്രാറ്റുകളുടെയും ആവശ്യം അവര്‍ അംഗീകരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അന്ന് സംഭവിച്ചത് ഇനി ഒരിക്കലും സംഭവിക്കില്ലെന്നും മുന്നോട്ടുള്ള ജീവിതത്തില്‍ കിംബര്‍ലിക്ക് എല്ലാ ആശംസകളും നേരുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒപ്പം, ഉടന്‍ തന്നെ ഒരു പുതിയ ഡയറക്ടറെ നിയമിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 2021 ല്‍ പെപ്‌സികോയുടെ വടക്കേ അമേരിക്കയിലെ സുരക്ഷാ വിഭാഗം ഡയറക്ടറാകുന്നതിന് മുന്‍പ് 27 വര്‍ഷത്തോളം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥയായി കിംബര്‍ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.