നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ അമേരിക്ക മൗനം വെടിയണം:ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ അമേരിക്ക മൗനം വെടിയണം:ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

അബുജ: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വടക്കൻ മധ്യ നൈജീരിയയിൽ ഇസ്ലാമിക ഫുലാനി തീവ്രവാദികൾ നിരവധി ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി).

പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഐസിസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വര്‍ഷം സംഘടനയുടെ പ്രതിനിധികള്‍ നൈജീരിയ സന്ദർശിച്ചതിൻ്റെ നേരിട്ടുള്ള സാക്ഷ്യവും കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൈജീരിയൻ ക്രൈസ്തവരുടെ നിലവിളി ചെവിയില്‍ പതിക്കുകയാണെന്നും സഹായത്തിനായുള്ള അവരുടെ അപേക്ഷയ്ക്ക് അമേരിക്ക ഉത്തരം നൽകേണ്ട സമയമാണിതെന്നും സംഘടന വ്യക്തമാക്കി. നിർഭാഗ്യവശാൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. 2009 ൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയ്ക്കു ശേഷം നൈജീരിയയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള തീവ്രവാദ അക്രമങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

2023-ൽ കുറഞ്ഞത് 4700 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമത്തിന് പിന്നിലെ ഗ്രൂപ്പുകൾ മതത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടവരാണെന്നും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ഫുലാനിയിലെ ഹെര്‍ഡ്സ്മാന്‍ തുടങ്ങിയവരാണ് ക്രിസ്ത്യാനികളെ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും സംഘടന പറയുന്നു. വിഷയത്തില്‍ അമേരിക്ക തുടരുന്ന നിസംഗതയാണ് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും കൃത്യമായ നടപടി വേണമെന്നും ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അമേരിക്കന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

അതേ സമയം ജൂലൈ 14 ഞായറാഴ്ച ഫുലാനി തീവ്രവാദികൾ ബെന്യൂ കമ്മ്യൂണിറ്റികൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 13 ക്രിസ്ത്യൻ കർഷകരാണ് കൊല്ലപ്പെട്ടത്. അഗതുവിലെ എഗ്വുമ ഗ്രാമത്തിൽ 12 പേരും ഗ്വെർ വെസ്റ്റ് കൗണ്ടിയിൽ ഒരാളും വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു. കൂടാതെ നിരവധി ആളുകളെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ശേഷം കാണാതായിരിക്കുന്നത്.

ക്രൈസ്തവരുടെ വരുമാന മാർഗങ്ങൾ തടസപ്പെടുത്തുകയും ഒപ്പം അവരെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഒരു ഇസ്ലാമികരാഷ്ട്രം സൃഷ്ടിച്ചെടുക്കുകയാണ് ഈ ആക്രമണങ്ങളിലൂടെ തീവ്രവാദികൾ ലക്ഷ്യമിടുന്നത്. ഭയം നിമിത്തം പലായനം ചെയ്യുന്ന ക്രൈസ്തവർ തങ്ങളുടെ ജീവിതം വളരെ ദുരിതപൂർണ്ണമായി മുന്നോട്ടു കൊണ്ടുപോകാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ബെന്യൂ സംസ്ഥാനത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.