ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2028-ല്‍ സിഡ്‌നിയില്‍? അമേരിക്കയിലെ ആത്മീയ ഉണര്‍വ് ഓസ്ട്രേലിയക്കും പ്രചോദനമെന്ന് സിഡ്നി സഹായ മെത്രാന്‍

ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2028-ല്‍ സിഡ്‌നിയില്‍? അമേരിക്കയിലെ ആത്മീയ ഉണര്‍വ് ഓസ്ട്രേലിയക്കും പ്രചോദനമെന്ന് സിഡ്നി സഹായ മെത്രാന്‍

ബിഷപ്പ് റിച്ചാര്‍ഡ് അമ്പേഴ്സ്

ഇന്ത്യാനപോളിസ്: അമേരിക്കയില്‍ സമാപിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ലോകമെമ്പാടും കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാതൃകയാണെന്ന് ഓസ്ട്രേലിയന്‍ ബിഷപ്പ് റിച്ചാര്‍ഡ് അമ്പേഴ്സ്. ആഗോള തലത്തില്‍ നടക്കുന്ന സമാനമായ നവോത്ഥാനങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യുഎസിലെ വിശ്വാസികളുടെ ഒത്തുചേരല്‍ ഓസ്ട്രേലിയയ്ക്കും വളരെയധികം പ്രചോദനം നല്‍കുന്നതായി ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത സിഡ്നിയിലെ സഹായ മെത്രാന്‍ റിച്ചാര്‍ഡ് അമ്പേഴ്സ് പറഞ്ഞു. ഈ അന്താരാഷ്ട്ര കോണ്‍ഗ്രസിന്റെ എല്ലാ വശങ്ങളും പഠിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

അമേരിക്കയിലുണ്ടായ ഈ ആത്മീയ ഉണര്‍വിനെ ഞങ്ങളും പിന്തുടരുകയാണ്. ഇത് ഞങ്ങളുടെ മനസിനെ സ്വാധീനിച്ചുകഴിഞ്ഞു.

50 സംസ്ഥാനങ്ങളില്‍ നിന്നും 17 രാജ്യങ്ങളില്‍ നിന്നുമായി 50,000-ത്തിലധികം പേര്‍ പങ്കെടുത്ത ഇന്ത്യാനപോളിസിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിശ്വാസികളെ ഒന്നിപ്പിക്കാനും ഊര്‍ജസ്വലമാക്കാനുമുള്ള പരിശുദ്ധ കുര്‍ബാനയുടെ ശക്തി പ്രകടമാക്കിയെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

'ഇത്രയധികം ആളുകളെ ഒരുമിച്ചുകൊണ്ടു വരാന്‍ കഴിഞ്ഞത് അതിശയകരമായ അനുഭവമാണ്. യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. അതിനായി നാം ആരാധനാക്രമത്തില്‍ സന്നിഹിതരായിരിക്കണം'.

അമേരിക്കയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ നടത്തിപ്പ് ഓസ്ട്രേലിയ സൂക്ഷ്മമായി പഠിക്കുകയാണെന്ന് ബിഷപ്പ് അംബേഴ്സ് പറഞ്ഞു. അതിനു കാരണം 2028-ല്‍ സിഡ്നിയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുമെന്നാണ് രാജ്യത്തെ കത്തോലിക്കര്‍ പ്രതീക്ഷിക്കുന്നത്.

വരുന്ന സെപ്റ്റംബറില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കുന്ന അന്‍പത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിലും ബിഷപ്പ് റിച്ചാര്‍ഡ് അമ്പേഴ്സ് പങ്കെടുക്കും.

'ഞങ്ങള്‍ ഒരു സംഘമായി ക്വിറ്റോയിലേക്ക് പോകും. ഓസ്ട്രേലിയയില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നതിനാല്‍ അതിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നു'.

കോവിഡ് മഹാമാരിക്കു ശേഷം കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനും വിശ്വാസികളെ പരിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ കൊണ്ടുവരാനുമായി ഓസ്ട്രേലിയ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കണമെന്ന അഭിപ്രായം പ്ലീനറി കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു.

'കോവിഡ് നമ്മെ കഠിനമായി ബാധിച്ചു. ദൈവീകമായ പ്രവര്‍ത്തനങ്ങളെ വിലമതിച്ചും ഒരുമിച്ച് ആരാധിച്ചും നാം നമ്മെത്തന്നെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്' - അദ്ദേഹം പറഞ്ഞു.

യുഎസിലും ഓസ്ട്രേലിയയിലും മതസ്വാതന്ത്ര്യത്തിനെതിരേ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ചും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന് ഊര്‍ജം പകരും.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ സര്‍ക്കാരിതര ദാതാവാണ് ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭ. നമ്മുടെ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നതായും ബിഷപ്പ് അമ്പേഴ്സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.