ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍.
അര്‍ജുന്‍ ഓടിച്ച ട്രക്കിന് അടുത്ത് നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ രണ്ട് തവണ എത്തി. അടിയൊഴുക്ക് രൂക്ഷമായതും സീറോ വിസിബിലിറ്റിയും മൂലം ഇവര്‍ക്ക് ട്രക്കിന്റെ കാബിന് സമീപമെത്തി പരിശോധിക്കാനായില്ല.
പുഴയിലെ ശക്തമായ ഒഴുക്ക് കാരണം സ്‌കൂബ ഡൈവര്‍മാര്‍ക്ക് തങ്ങളുടെ ഡിങ്കി ബോട്ട് ട്രക്കിന് മുകള്‍ ഭാഗത്ത് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. അതിനിടെ ലോറിയില്‍ നിന്നും തെറിച്ചു വീണ നാല് കഷണം തടി കണ്ടെത്തി.
പന്ത്രണ്ട് കിലോ മീറ്റര്‍ അകലെ നിന്നാണ് ഇവ കണ്ടെത്തിയത്. പിഎ1 എന്ന് തടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്ന് അനിയനെത്തി സ്ഥിരീകരിച്ചതായി ഉടമ മനാഫ് പറഞ്ഞു.
ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാനായി നദിക്ക് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. രണ്ടര കിലോ മീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും കഴിയുന്ന അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി ഉപയോഗിച്ചാണ് പരിശോധന.
ഉച്ചയോടെ ഗോവയില്‍ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടാമതൊരു ബൂം എക്‌സവേറ്ററും തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറായി മഴ പെയ്യുന്നില്ലെങ്കിലും പുഴയിലെ അതി ശക്തമായ അടിയൊഴുക്കാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.