പാരിസ്: പാരിസ് ഒളിമ്പിക്സിന്റെ ആദ്യ ദിനം ഇന്ത്യയുടെ അഭിമാനമായി മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഏകാഗ്രതയോടെ പൊരുതിയ മനു ഭാക്കര്‍ തന്റെ രണ്ടാം ഒളിമ്പിക്സില്‍ ഫൈനലിലേക്ക് യോഗ്യത നേടി. കഴിഞ്ഞ തവണ ടോക്കിയോവില്‍ ക്വാളിഫൈയിങ്ങ് റൗണ്ടില്‍ പുറത്തായ മനുവിന് പാരിസിലേത് മധുര പ്രതികാരം കൂടിയായി.
44 താരങ്ങള്‍ മല്‍സരിച്ച യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയാണ് മനു ഭാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. സ്ഥാനം മൂന്നാണെങ്കിലും മനു ഭാക്കറിന്റേത് ഉന്നം പിഴക്കാത്ത ഷോട്ടുകളായിരുന്നു. പാരീസില്‍ ഈ ഇനത്തില്‍ മല്‍സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ബുള്‍സ് ഐ ഷോട്ടുകള്‍ ഉതിര്‍ത്തതും മനു ഭാക്കറായിരുന്നു.
ക്വാളിഫിക്കേഷന്‍ റൗണ്ടിന്റെ തുടക്കം മുതല്‍ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയിരുന്നു മനു ഭാക്കര്‍. ആദ്യ സീരീസില്‍ 10 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ മനു ഭാക്കറിനൊപ്പം ഇന്ത്യയുടെ റിഥം സംഗ്വാനും 97 പോയിന്റോടെ ആദ്യ എട്ടിലുണ്ടായിരുന്നു. രണ്ടാം സീരീസിലും മനു ഭാക്കറിന് നല്ല തുടക്കം കിട്ടി. ആദ്യ രണ്ടു ഷോട്ടുകളും പെര്‍ഫെക്റ്റ് പത്തില്‍. ഏകാഗ്രതയോടെ വെടിയുതിര്‍ത്ത മനു വീണ്ടും 97 പോയിന്റ് നേടി.
ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇനി മനു ഭാക്കര്‍ തനിച്ച് ഇന്ത്യന്‍ പ്രതീക്ഷകളുമായി മെഡല്‍ പോരാട്ടത്തിനിറങ്ങും. ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീളുന്ന ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷൂട്ടര്‍ക്കും 60 ഷോട്ടുകളാണ് ലഭിച്ചത്. 10 ഷോട്ടുകളുടെ ആറ് സീരീസ്.
ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷോട്ടിലും ലഭിക്കാവുന്ന പരമാവധി പോയിന്റ് പത്താണ്. മികച്ച എട്ട് റാങ്കുകാരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2021 ല്‍ ടോക്കിയോ ഒളിമ്പിക്‌സിന്റെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഇടക്കുവച്ച് പിസ്റ്റള്‍ തകരാറായതിനെത്തുടര്‍ന്ന് പുറകോട്ട് പോയ മനു ഭാക്കര്‍ ഇത്തവണ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മല്‍സരിക്കാനെത്തിയത് ലോകത്തിലെ മൂന്നാം സ്ഥാനക്കാരിയായിട്ടായിരുന്നു. ക്വാളിഫിക്കേഷന്‍ റൗണ്ടിലും മനു അതേ സ്ഥിരത തുടര്‍ന്ന് മൂന്നാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് കടന്നത്.
ഫൈനലില്‍ ഓരോ ഷോട്ടിന് ലഭിക്കാവുന്ന പരമാവധി പോയിന്റ് 10.9 ആണ്. ആദ്യം 250 സെക്കന്റില്‍ ഫൈനലിലെ എട്ട് താരങ്ങളും അഞ്ച് ഷോട്ടുകള്‍ ഉതിര്‍ക്കണം. രണ്ടാം സീരീസിലും അഞ്ച് ഷോട്ടുകല്‍. പിന്നീട് ഓരോ 50 സെക്കന്‍ഡിലും വെടി ഉതിര്‍ക്കണം. ഓരോ രണ്ട് ഷോട്ടിന് ശേഷം കുറഞ്ഞ സ്‌കോര്‍ നേടിയ താരം പുറത്താവും. ഇങ്ങിനെ രണ്ട് ഷൂട്ടര്‍മാര്‍ ബാക്കിയാവുന്നത് വരെ തുടരും. അതിലാണ് സ്വര്‍ണവും വെള്ളിയും തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.