ഡിജിപിയുടെ കസേരക്കായി പിടിവലി; ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും സാധ്യതാപട്ടികയില്‍

ഡിജിപിയുടെ കസേരക്കായി പിടിവലി; ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും സാധ്യതാപട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ കസേരക്കായി പിടിവലി തുടങ്ങി. രണ്ടു ഡിജിപിമാര്‍ തമ്മിലാണ് മത്സരം. ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറുമാണ് സാധ്യതാപട്ടികയില്‍. ഡി.ജി.പി ലോക്നാഥ് ബെഹ്റ സി.ബി.ഐ ഡയറക്ടര്‍ പാനലില്‍ ഉള്‍പ്പെട്ടതോടെയാണ് അടുത്ത പൊലീസ് മേധാവി കസേരയിലേക്ക് വടംവലി തുടങ്ങിയത്. സി.ബി.ഐ ഡയറക്ടറായില്ലങ്കില്‍ ബെഹ്റ വിരമിക്കും വരെ പൊലീസ് മേധാവിയായി തുടരും.

ലോക്നാഥ് ബെഹ്റ ജൂണ്‍ 30ന് ആണ് വിരമിക്കുന്നത്. അതുവരെ പൊലീസ് മേധാവിയായി തുടരുന്നതിന് തെരഞ്ഞെടുപ്പ് ചട്ടം തടസമല്ല. എന്നാല്‍ അടുത്ത സി.ബി.ഐ ഡയറക്ടര്‍ക്കായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ബെഹ്റ മാറിയേക്കാം എന്ന ചര്‍ച്ചയ്ക്ക് അടിസ്ഥാനമായത്.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന അടുത്ത ആഴ്ചയോടെ ഡയറക്ടര്‍ തിരഞ്ഞെടുപ്പ് നടന്നേക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ബെഹ്റ ഉടന്‍ സ്ഥാനം ഒഴിയും. അതോടെ അടുത്ത പൊലീസ് മേധാവിചാര്‍ജ്ജെടുക്കണം. സീനിയോരിറ്റിയില്‍ മുന്‍പിലായതും മുഖ്യമന്ത്രിയായുള്ള അടുപ്പവുമാണ് തച്ചങ്കരിക്ക് അനുകൂലമാകുന്നത്.

എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്നത് തടസമാകും. ഇതൊഴിവാക്കാനായി ആ കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഉണ്ടായാല്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് വഴിതെളിയും. ആ റിപ്പോര്‍ട്ട് തയാറാക്കേണ്ടത് വിജിലന്‍സ് ഡയറക്ടറായ സുധേഷ്കുമാറാണെന്നത് മേധാവി സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ വീര്യം കൂട്ടുന്നു.

അതേസമയം സി.ബി.ഐ ഡയറക്ടറായി ബെഹ്റയെ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. അങ്ങിനെയെങ്കില്‍ അദേഹം വിരമിക്കും വരെ ഡി.ജി.പിയാവും. ക്രമസമാധാനപാലനത്തിനു ചുക്കാന്‍ പിടിക്കാന്‍ പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പുകാലത്തേക്ക് ”ഇലക്ഷന്‍ ഡി.ജി.പി” തസ്തിക രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയുകയാണ്.

സംസ്ഥാന പോലീസ് മേധാവിയെ തല്‍സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബെഹ്‌റയ്ക്കു പകരം എ.ഡി.ജി.പിക്കായിരിക്കും പോലീസിന്റെ നിയന്ത്രണം വരുക . പോലീസ് അക്കാദമി ഡയറക്ടര്‍ എ.ഡി.ജി.പി. ഷേയ്ക്ക് ദര്‍വേഷ് സാഹിബിനെ ഇലക്ഷന്‍ എ.ഡി.ജി.പിയായി നിയമിച്ചേക്കും. ദര്‍വേഷ് സാഹിബിന്റെ നിയമനത്തിനു സി.പി.എമ്മില്‍ ഏകദേശ ധാരണയായി. തെരഞ്ഞെടുപ്പുവേളയില്‍ പരാതികള്‍ക്ക് ഇടം നല്‍കാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായിരിക്കണം വേണ്ടതെന്ന വിലയിരുത്തലാണു സര്‍ക്കാരിനുള്ളത്. അന്തിമ തീരുമാനം ഉടനുണ്ടാകും.

ക്രമസമാധാനപാലനം വഹിക്കുന്ന മറ്റ് എ.ഡി.ജി.പിമാരായ വിജയ് സാഖറെയുടെയും മനോജ് ഏബ്രഹാമിന്റെയും പേരുകളും പരിഗണനയിലുണ്ട് . മേഖല തിരിച്ച്‌ എ.ഡി.ജി.പിമാര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ തച്ചങ്കരിക്കും ചുമതല നല്‍കിയേക്കാം.

നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം എത്രയും വേഗം ഒരുങ്ങണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്ക റാം മീണയ്ക്കു നിര്‍ദ്ദേശം നല്‍കി. നാളെ രാവിലെ പത്തിന് മീണയുമായും ഉച്ചയ്ക്ക് 2.30ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുമായും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സുദീപ് ജയിന്‍ ചര്‍ച്ച നടത്തും. 12-ന് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുനില്‍ അറോറ കേരളത്തിലെത്തും. 15-ന് ശേഷം ഏതു ദിവസവും തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.