പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ പാരിസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്‌സില്‍ അതിഥിയായെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങളും ആഡംബര വാച്ചും പണവും ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസാണ് കാറില്‍നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
ബ്രസീല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സീക്കോ കഴിഞ്ഞ ദിവസം പാരിസിലെത്തിയത്. ടാക്‌സി കാറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച ശേഷം താരത്തിന്റെ ബാഗ് തട്ടിയെടുക്കുകയായിരുന്നെന്നാണു വിവരം. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ഇട്ടതാണ് താരത്തിന് വിനയായത്.
സീക്കോയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. ഒളിമ്പിക്‌സ് തിരക്കുകളിലുള്ള പാരിസ് നഗരത്തില്‍ നിരവധി പേരാണ് മോഷണ പരാതികളുമായി പൊലീസിനെ സമീപിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ചാനല്‍ നയനു (9) വേണ്ടി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരിസിലെത്തിയ മാധ്യമ സംഘവും കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. കവര്‍ച്ചയ്ക്കിടെ ചാനലിന്റെ രണ്ട് ജീവനക്കാരെ മോഷ്ടാക്കള്‍ ആക്രമിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഓസ്‌ട്രേലിയന്‍ താരവും 2020ലെ സ്വര്‍ണ മെഡല്‍ ജേതാവുമായ ബിഎംഎക്സ് സൈക്ലിസ്റ്റ് ലോഗന്‍ മാര്‍ട്ടിന്‍ തന്റെ മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊള്ളയടിക്കപ്പെട്ടു. വാലറ്റും ബാക്ക്പാക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ക്യാമ്പിലും മോഷ്ടാവ് കയറിയിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ ആഡംബര വാച്ചുകളും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മൊറോക്കോയ്ക്കെതിരായ ഒളിമ്പിക് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തിനു തൊട്ടുമുന്‍പായിരുന്നു സംഭവം. മത്സരം ശേഷം അര്‍ജന്റീന പരിശീലകന്‍ ഹാവിയര്‍ മഷെറാനോയാണ് ഇക്കാര്യം അറിയിച്ചത്. ഒളിംപിക് ഗെയിംസിനിടെ മോഷണമുണ്ടായതില്‍ സംഘാടകര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. അര്‍ജന്റീന സംഘം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.
ഒളിമ്പിക്‌സിനിടെ കവര്‍ച്ച വര്‍ധിച്ചത് ഫ്രാന്‍സിനും വലിയ നാണക്കേടായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.