പിൻവാതിൽ നിയമനം യുവതലമുറയോട് ചെയ്യുന്ന അനീതി: കെ.സി.വൈ.എം

പിൻവാതിൽ നിയമനം യുവതലമുറയോട് ചെയ്യുന്ന അനീതി: കെ.സി.വൈ.എം

തലശ്ശേരി: കേരളത്തില്‍ പി.എസ്‌.സി റാങ്ക് ലിസ്റ്റില്‍ ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ കാത്തിരിക്കുമ്പോൾ സര്‍ക്കാർ പിന്‍വാതില്‍ നിയമനം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.സി. വൈ.എം തലശ്ശേരി അതിരൂപത സമിതി യോഗം കുറ്റപ്പെടുത്തി.

പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലും യുവതലമുറയോട് ചെയ്യുന്ന അനീതിയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം നിയമനം പൂർണമായി പി.എസ്.സി ക്ക് വിടുകയും ഒഴിവ് താൽക്കാലികം മാത്രമാണെങ്കിൽ നിയമിക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയും താൽക്കാലിക നിയമനത്തിന് കാലപരിധി നിർബന്ധമാക്കുകയും വേണമെന്ന് കെ.സി. വൈ.എം തലശ്ശേരി അതിരൂപത സമിതി അഭിപ്രായപ്പെട്ടു.

അസംഘടിതരായ ഉദ്യോഗാർത്ഥികളുടെ ശബ്ദം ഉയർന്നുകേൾക്കാറില്ലെന്നത് ഒരു ദൗർബല്യമായി അധികാരികൾ കാണേണ്ടതില്ല. സർക്കാർ നിയമനങ്ങളിൽ നീതിമാത്രമേ യുവാക്കൾ ആവശ്യപ്പെടുന്നുള്ളൂ. പൊതുഖജനാവിൽനിന്നുള്ള പണം ശമ്പളമായി നൽകുന്ന എല്ലാ തൊഴിലുകളും ഇനിമുതൽ മെറിറ്റിന്റെ അടിസ്ഥാനത്തിലേ നൽകാവൂ എന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, വൈസ് പ്രസിഡന്റ്‌ നീന പറപ്പള്ളി,‌ ഡെപ്യൂട്ടി പ്രസിഡന്റ്‌ ടോണി ജോസഫ്, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, കെ.സി.വൈ.എം സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ, സംസ്ഥാന സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.