മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; കലാപം തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; കലാപം തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയാണ് ചര്‍ച്ച നടന്നത്.

മണിപ്പൂരിലെ വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രി ബിരേന്‍ സിങുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ അമിത് ഷായും രാജ്‌നാഥ് സിങും പങ്കെടുത്തു.

ഇരുപത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ കൂടിക്കാഴ്ചയുടെ മറ്റു വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. കലാപം പൊട്ടിപുറപ്പെട്ടിട്ട് 15 മാസങ്ങള്‍ ആയിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം രാജ്യത്തെമ്പാടും ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപ മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി മോഡി ചര്‍ച്ച നടത്തുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പരിഹസിച്ച് ചോദിച്ചിരുന്നു. ഉക്രെയ്നിലേക്കുള്ള യാത്രയ്ക്ക് മുന്‍പോ, ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ്, നരേന്ദ്ര മോഡിയെ ക്ഷണിച്ചോ എന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ജയറാം രമേശ് ചോദിച്ചിരുന്നു.

'നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു. തുടര്‍ന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി, മോഡിയുടെ അധ്യക്ഷതയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നു.

മണിപ്പൂരിലെ ജനങ്ങള്‍ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: 2023 മെയ് മൂന്നിന് രാത്രി കത്താന്‍ തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശ്രീ. എന്‍. ബിരേന്‍ സിങ് ശ്രീ. നരേന്ദ്ര മോഡിയെ വെവ്വേറെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമോ? ഉക്രെയ്നിലേക്കുള്ള യാത്രയ്ക്ക് മുന്‍പോ ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ് നരേന്ദ്ര മോഡിയെ ക്ഷണിച്ചോ?' എന്നായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്.

2023 മെയ് മൂന്നിന് ആരംഭിച്ച കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമത്തില്‍ ഇതുവരെ 225 പേര്‍ മരിക്കുകയും 50,000 ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഏറ്റുമുട്ടലുകളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും, മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.