ദുബൈ: വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ഫോർ ദി വേൾഡ് എന്ന പദ്ധതി ആരംഭിച്ചുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
ദുബായിലുള്ള കര, നാവിക, വ്യാമ അതിർത്തികളിൽ ജോലി ചെയ്യുന്ന മുൻനിര ജീവനക്കാർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ജി ഡി ആർ എഫ് എയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ദുബായിലൂടെയുള്ള യാത്രക്കാരെ കൂടുതൽ അടുപ്പിക്കുകയും പരസ്പര ധാരണ വർദ്ധിപ്പിക്കുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തും വഴി ഉദ്യോഗസ്ഥരിൽ നിന്ന് -യാത്രക്കാർക്ക് ആദരണീയമായ സ്വീകാര്യതയും വിടവാങ്ങലും ഉറപ്പാക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി
ആദ്യത്തെ അതിഥി ജാപ്പാൻ സ്വദേശി യാനി തകാഷി
പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ അതിഥിയായി ജാപ്പാൻ സ്വദേശി യാനി തകാഷി ദുബായ് എയർപോർട്ടിലെ പാസ്പോർട്ട് നിയന്ത്രണ ഏരിയകളും ജിഡിആർ ആർഎഫ്എ യുടെ കാര്യാലയവും സന്ദർശിച്ചു.ജാപ്പാൻ സംസ്കാരത്തിന്റെ പ്രതീകമായ പരമ്പരാഗത കിമോനോ ധരിച്ചാണ് അദ്ദേഹം എത്തിയത്. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി തകാഷിയെ സ്വീകരിച്ച് ദുബായ് വിമാനത്താവളത്തിലെ പാസ്പോർട്ട് ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി. ജാപ്പാൻ സാംസ്കാരിക പരിപാടികൾ, ആശയവിനിമയ ശൈലികൾ, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഫീസർമാർക്ക് അദ്ദേഹം അവബോധം നൽകുകയും ചെയ്തു.
പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതി സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സുള്ളതിന്റെയും ഒരു ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളിൽ അണിയിച്ചു, കൊണ്ട് അതിർത്തികളിലെ മുൻനിര ജീവനക്കാർക്ക് സന്ദർശകരുടെ രാജ്യത്തെ സാംസ്കാരിക പ്രത്യേകതകളെക്കുറിച്ച് സംരംഭത്തിലൂടെ പരിചയപ്പെടുത്തും. പരമ്പരാഗത വസ്ത്രങ്ങൾ, ആചാരങ്ങൾ, സമ്പ്രദായങ്ങൾ, സംസ്കാരം, ആശയവിനിമയ രീതികൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്ക് ഇതിലൂടെ വിശദീകരിച്ചു നൽകുകയും ചെയ്യും. ഇത്തരം സാംസ്കാരിക മൂല്യങ്ങൾ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ സേവന സജ്ജരാകും.
ഇത് യാത്രക്കാർക്ക് ഒരു പ്രത്യേകവും സജീവമായ സ്വാഗതം നൽകാൻ ജീവനക്കാരെ പ്രാപ്തരാക്കും. ഇത് വഴി യാത്രാ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും പ്രത്യേകിച്ചും ദുബായ് വിമാനത്താവളങ്ങളിൽ മികച്ച മതിപ്പ് ഉണ്ടാക്കുകയും ചെയ്യുമെന്ന് അധികൃതർ പ്രത്യാശിച്ചു.
മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം. (A Day with parents)
കുടുംബ ബന്ധങ്ങളുടെയും മാതാപിതാക്കളുടെ മൂല്യം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം എന്ന പദ്ധതി ആരംഭിക്കുമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു. ഇത് പ്രകാരം ജീവനക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കാൻ അനുവദിക്കും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പം കുട്ടികൾക്ക് അവസരം ലഭിക്കും.
മാതാപിതാക്കളുടെ ജോലിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജോലിസ്ഥലത്തെ മാതാപിതാക്കളെ കാണുന്നതിലൂടെ കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകയാണെന്ന് മനസ്സിലാകും. മാതാപിതാക്കളുടെ ജോലിയിലൂടെ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ അവബോധം ലഭിക്കും.ഇത് കുടുംബത്തിൻ്റെ മൂല്യവും സങ്കൽപ്പവും കുട്ടികളുടെ മനസ്സുകളിൽ കൂടുതൽ വളർത്തുന്നു. മാതാപിതാക്കൾ ജോലിസ്ഥലത്ത് പെരുമാറുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും കാണുമ്പോൾ അവർ തങ്ങൾക്ക് മാതൃകയാണെന്ന് കുട്ടികൾക്ക് സന്ദേശം ഏകുമെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.